കൊച്ചി നഗരത്തിൽ ജപ്പാൻ മാതൃകയിൽ മിയാവാക്കി വനം സൃഷ്ടിച്ച് എളമക്കര സ്വദേശി. 70 വയസ്സുള്ള കെ എസ് നായരാണ് വിശ്രമജീവിതം ചെടികൾക്കും വൃക്ഷങ്ങൾക്കുമായി മാറ്റിവെക്കുന്നത്. 500ലധികം ചെടികളും 150 ഓളം വൃക്ഷങ്ങളും വീട്ടു പരിസരത്തുണ്ട്.

 

 40 വർഷം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് സൗദിയിൽ നിന്നും മടങ്ങുമ്പോൾ കെ എസ് നായരുടെ മനസ്സിൽ അച്ഛൻ പഠിപ്പിച്ച കൃഷിപ്പാഠങ്ങൾ ആയിരുന്നു. എളമക്കരയിലെ ശാരിക മൻഷനിലേക്ക് താമസം മാറ്റിയതോടെ മുഴുവൻ സമയവും ചെടിക്ക് പിന്നാലെയായി. ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ഭാര്യ രാജിയും കൂടെക്കൂടി. 13 സെന്റിൽ പൂച്ചെടികളും താമരക്കുളവും ഒരുക്കി. മൂന്നുവർഷം മുൻപ് മിയാവാക്കി വനത്തിന്റെ മാതൃകയിൽ മരത്തൈകൾ നട്ടു. സപ്പോട്ട, പേര, മാവ്, പ്ലാവ് തുടങ്ങി 150 ഓളം ഫലവൃക്ഷങ്ങൾ ഉണ്ട് കൂട്ടത്തിൽ. പത്തുവർഷംകൊണ്ട് ഇവ വളർന്ന വനമായി മാറുമെന്ന് കെ എസ് നായർ പറയുന്നു. തൃശ്ശൂരുള്ള സ്ഥലത്തും മിയാവാക്കി വനം നടാനാണ് തീരുമാനം. പൂന്തോട്ടം ഒരുക്കുന്നതും മറ്റും സന്തോഷമുള്ള കാര്യമാണെന്നാണ് ഇവരുടെ പക്ഷം.

 

 യാത്രകൾ ഇഷ്ടപ്പെടുന്ന ഇരുവരും ഇതിനോടകം 30 വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ചെടികൾ കഴിഞ്ഞാൽ കെ എസ് നായറിനു പ്രിയം പുസ്തകങ്ങളോടാണ്. മക്കളായ ശരത്തും ശാരികയും അമ്മയ്ക്കും അച്ഛനും നൽകുന്ന പിന്തുണ ചെറുതല്ല. കേട്ടറിഞ്ഞ നിരവധി പേരാണ് പൂന്തോട്ടം കാണാൻ എത്തുന്നത്. ഏത് ചെടിയും ആര് ചോദിച്ചാലും കൊടുക്കുമെന്നും കെഎസ് നായർ പറയുന്നു.