കോഴിക്കോട്ടുകാരൻ ഹൈദ്രോസിന് വാർദ്ധക്യം വിശ്രമിക്കാനുള്ളതല്ല. എഴുപത്തിമൂന്നാം വയസ്സിലും സംഗീതത്തിനും റേഡിയോക്കുമായി ജീവിതം ഉഴിഞ്ഞു വച്ചിരിക്കുയാണ് അദ്ദേഹം. പുരാതന കാലം മുതലുള്ള ഏത് റേഡിയോയും നന്നാക്കുന്നതിൽ അതി വിദഗ്ധനായ ഇദ്ദേഹം റേഡിയോ കോയ എന്ന പേരിലാണ് അറിയപ്പെടുന്നത്.
അഞ്ചാം വയസിൽ തുടങ്ങിയതാണ് സംഗീതത്തോടുള്ള കമ്പം. കടുത്ത മുഹമ്മദ് റഫീ ആരാധകനായ റേഡിയോ കോയക്ക് പാട്ട് കേൾക്കാതെ ഒരു ജീവിതമില്ല. ഇതിനുവേണ്ടി പതിനേഴാം വയസ്സിൽ സ്വന്തമായി റേഡിയോ വാങ്ങി. ഇടയ്ക്ക് റേഡിയോ കേടായപ്പോൾ പാട്ട് കേൾക്കൽ മുടങ്ങി. അങ്ങനെയാണ് കേടായ റേഡിയോ നന്നാക്കാൻ തുടങ്ങിയത്. നന്നാക്കി നന്നാക്കി ഒടുവിൽ റേഡിയോ മെക്കാനിക്കുമായി. ഇന്ന് പ്രായം 73ൽ എത്തി നിൽക്കുന്നു. പാട്ട് കേട്ടും കേൾപ്പിച്ചു ഇരിക്കുമ്പോൾ സമയം പോകുന്നത് പോലും അറിയില്ലെന്നാണ് കോയാക്കയുടെ പക്ഷം.
മറ്റുപലരും നന്നാക്കാൻ ശ്രമിച്ചു പരാജയപ്പെട്ട റേഡിയോകളുമായി രാജ്യത്തിന്റെ പല ഭാഗത്തുനിന്നും ആളുകളെത്തുന്നുണ്ട് കോയാക്കയെ കാണാൻ. കോയക്കയൊന്ന് തൊട്ടാൽ ജീവൻ തിരിച്ചുകിട്ടാത്ത റേഡിയോ ഇല്ല. കാര്യമായ അസുഖങ്ങൾ ഒന്നുമില്ലാത്ത കോയാക്കയുടെ ആരോഗ്യ രഹസ്യവും മറ്റൊന്നുമല്ല. ഈ സംഗീതം തന്നെ.\
Vayassinazhaku Kozhikode hydros story