vayassinazhaku-vayosanthwanam

ആരോരുമില്ലാത്ത കിടപ്പുരോഗികളായ വയോജനങ്ങള്‍ക്കായി  ജില്ല തോറും സംരക്ഷണ കേന്ദ്രമൊരുക്കാന്‍ സാമൂഹ്യനീതി വകുപ്പ്. വയോസാന്ത്വനം എന്ന പേരില്‍ ഓരോ കേന്ദ്രങ്ങളിലും 25 പേര്‍ക്കു വീതം സംരക്ഷണമൊരുക്കാന്‍ സന്നദ്ധസംഘടനകളില്‍ നിന്ന് സര്‍ക്കാര്‍ താല്പര്യപത്രം  ക്ഷണിച്ചു. ഉപക്ഷിക്കപ്പെടുന്നവരും സംരക്ഷിക്കാന്‍ ആളില്ലാത്തവരുമായ വയോജനങ്ങളുടെ ദുരിത ജീവിതം 'വയസിനഴക്' പരമ്പരയിലൂടെ മനോരമ ന്യൂസ് തുറന്നു കാണിച്ചിരുന്നു. 

 

ക്ഷേത്രങ്ങളിലും പളളികളിലും കടത്തിണ്ണകളിലും കടല്‍ത്തീരങ്ങളിലും  തുടങ്ങി ഇപ്പോള്‍ ആശുപത്രിമൂലകളില്‍ വരെ ഉപേക്ഷിക്കപ്പെടുന്ന പ്രായമാവരുടെ നിലവിളികള്‍ സര്‍ക്കാര്‍ കേള്‍ക്കുന്നു. വയോസാന്ത്വനം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ 60 വയസ് കഴിഞ്ഞ കിടപ്പു രോഗികളെ സംരക്ഷിക്കാനാണ് പദ്ധതി തയാറാക്കുന്നത്. രണ്ടു വര്‍ഷത്തിനിടെ 2,583 പേരാണ് തലചായ്ക്കാന്‍ ഒരിടത്തിനായി  സര്‍ക്കാര്‍ ഹെല്‍പ് ലൈനിലേയ്ക്ക് സഹായം തേടി വിളിച്ചത്. 204 പേരാണ് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ആരോരുമില്ലാതെ കഴിയുന്നത്. ഇങ്ങനെ ലഭിക്കുന്ന പരാതികളില്‍ നിന്ന് അര്‍ഹരായവരെ കണ്ടെത്തി സംരക്ഷിക്കും. 

 

ഡോക്ടര്‍, നഴ്സ്, ഫിസിയോ തെറപ്പിസ്റ്റ് എന്നിവരുടെ സേവനവും ലഭ്യമാക്കും. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളുമായി കൈകോര്‍ത്തായിരിക്കും കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. ആവശ്യമായ തുകയുടെ 80 ശതമാനം സര്‍ക്കാര്‍ ഗ്രാന്റായി നല്കും. രോഗാവസ്ഥ മെച്ചപ്പെടുന്നവരെ മറ്റ് പുനരധിവാസ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത്.  

 

Department of Social Justice is to set up district-wise shelters for bed-ridden elderly.