womens-day

മാര്‍ച്ച് 8 ലോക വനിതാദിനം

 

ബഹിരാകാശത്ത് വരെ സ്ത്രീകള്‍ സ്ഥാനം ഉറപ്പിക്കാന്‍ തുടങ്ങിയ കാലം. സ്ത്രീകള്‍ കൈവെയ്ക്കാത്ത മേഖലകള്‍ അപൂര്‍വ്വം. എന്നിട്ടും ചില കണക്കുകള്‍ മുന്നോട്ട് വെയ്ക്കുന്നത് ആശങ്കാവഹമായ വസ്തുതളാണ്.

 

ഐഐടി ഡല്‍ഹിയും കേരള നോളജ് ഇക്കോണമി മിഷനും അടുത്തടുത്ത ദിവസങ്ങിളായി രണ്ട് വിവരങ്ങള്‍ പുറത്ത് വിട്ടിരുന്നു. ഐഐടി ഡല്‍ഹി നടത്തിയ റിപ്പോര്‍ട്ട് പ്രകാരം ഡല്‍ഹിയിലെ തൊഴില്‍രഹിരായ 58ശതമാനം സ്ത്രീകളും ആഴ്ചയില്‍ ഒരു ദിവസം പോലും വീടിന് പുറത്തിറങ്ങാറില്ല, കാരണം– വീട്ടുജോലി, വീട്ടിലെ ജോലികള്‍ തീര്‍ത്തശേഷം പുറത്തിറങ്ങാന്‍ സാധിക്കാറില്ല.

 

കേരള ഇക്കോണമി മിഷന്‍ നടത്തിയ സര്‍വേ അനുസരിച്ച് കേരളത്തില്‍ മാത്രം 5 ലക്ഷത്തോളം സ്ത്രീകള്‍ക്കാണ് കരിയര്‍ബ്രേക്ക് സംഭവിച്ചിരിക്കുന്നത്. അവരെ തിരികെ ജോലിയിലേക്ക് കൊണ്ടുവരാനായി കുടുംബശ്രീയുമൊത്ത് നടത്തുന്ന, തൊഴിലരങ്ങത്തേക്ക് എന്ന പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത് 1,20,772 പേര്‍. സംസ്ഥാനത്താകെ 19നും 50നും ഇടയില്‍ പ്രായമുള്ള 31 ലക്ഷം പേര്‍ ജോലി ലഭിച്ചാല്‍ പോകാന്‍ തയാറാണ്. ഈ രണ്ട് കണക്കുകളും വിരല്‍ചൂണ്ടുന്നത് ഒറ്റ വസ്തുതയിലേക്ക് മാത്രമാണ്– വീട്ടുജോലി ഇന്നും സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമാണ്.

 

പുരുഷനെപ്പോലെ തന്നെ വിശ്രമിക്കാനും വിനോദത്തിനും തൊഴിലെടുക്കാനും സാമ്പത്തികസ്വാതന്ത്രത്തിനുമുള്ള അവകാശം എന്തുകൊണ്ട് സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുന്നു– ഉത്തരം ഒന്നുമാത്രം വീട്ടുജോലി സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമാണെന്ന് സമൂഹത്തിന്റെ കാഴ്ചപ്പാട്. ഈ ചിന്താഗതി ഇനിയെങ്കിലും മാറേണ്ടതല്ലേ?

 

തുല്യത തുടങ്ങേണ്ടത് വീടുകളില്‍ നിന്നാണ്. അത് തുടങ്ങാത്തിടത്തോളം കാലം അഭ്യസ്തവിദ്യരാണെങ്കിലും വീടിന്റെ നാലുചുമരുകളില്‍ തളച്ചിടപ്പെടുന്ന സ്ത്രീകളും എണ്ണം വര്‍ധിച്ചുകൊണ്ടേയിരിക്കും. സ്ത്രീയെപ്പോലെ തന്നെ പുരുഷനും വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ പങ്കിട്ട് ചെയ്യേണ്ടത് കാലത്തിന്റെ അനിവാര്യത കൂടിയാണെന്ന സന്ദേശമാണ് ഈ വനിതാദിനം മുന്നോട്ട് വെയ്ക്കുന്നത്.