ജീവിത പ്രതിസന്ധികളില്‍ തളരാതെ ആറ് പതിറ്റാണ്ടുകളായി ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു ഉമ്മയുണ്ട് കോഴിക്കോട് ഫറോക്കില്‍. നാട്ടുകാര്‍ക്കെല്ലാം ഇവര്‍ ആടുമ്മയാണ്. കഠിനജീവിതയാത്രയിലും ആടുകള്‍ക്കായി മാറ്റിവെച്ച ഒരുജീവിതം. മലയാളികള്‍ക്കെല്ലാം ചിരപരിചതരായ പാത്തുമ്മയും ഒരാടുമുണ്ട്. ബേപ്പൂര്‍ സുല്‍ത്താന്‍ പറഞ്ഞുതന്നത്. ബേപ്പൂരില്‍നിന്ന് എട്ട് കിലോമീറ്റര്‍ അകലെ ഫറോക്കില്‍, ഒന്നല്ല, ആറ് ആടുകളുമായി ജീവിക്കുന്ന ഫാത്തിമ എന്ന പാത്തുമ്മയുടെ ഉറ്റവരും ഉടയവരും ഇവരാണ് ഈ ആട്ടിന്‍പറ്റം. തന്‍റെ വീട്ടില്‍ തന്നെക്കാള്‍ അധികാരത്തോടെ കയറിയിറങ്ങുന്ന ബഷീര്‍ പറഞ്ഞ പാത്തുമ്മയുടെ ആടിനെ പോലെ തന്നെയാണ് ഇവിടുത്തെയും കഥ. പാത്തുമ്മയെന്ന ആടുമ്മയ്ക്ക് വയസ് എണ്‍പതു കഴിഞ്ഞു. 12–ാം വയസ്സില്‍ വിവാഹിതയായതാണ്. 15–ാം വയസില്‍ ഗര്‍ഭിണിയായിരിക്കെ ഭര്‍ത്താവ് ഉപേക്ഷിച്ചു. പ്രസവത്തോടെ കുഞ്ഞും മരിച്ചു. കുറച്ചുനാള്‍ ബാപ്പയും ഉമ്മയും ഉണ്ടായിരുന്നു. അധികം വൈകാതെ അവരും മരിച്ചു. പിന്നീടങ്ങോട്ട് ആറുപതിറ്റാണ്ട് ഊണിലും ഉറക്കത്തിലുമെല്ലാം കൂട്ടായത് ഇവരാണ്. കോഴിമുട്ട വിറ്റുകിട്ടുന്ന പണവും പെന്‍ഷനും മാത്രമാണ് പാത്തുമ്മയുടെ ഏക വരുമാനം. ആട്ടിന്‍പ്പാല്‍ വില്‍ക്കാറില്ല, അതിനവകാശം ആട്ടിന്‍കുട്ടികള്‍ക്കാണെന്നാണ് പാത്തുമ്മയുടെ പക്ഷം. അടച്ചുറപ്പില്ലാത്ത ഈ വീട്ടിലാണ് വര്‍ഷങ്ങളായി താമസിക്കുന്നതെങ്കിലും വെയിലും മഴയുമേല്‍ക്കാതെ കഴിയുന്നതില്‍ സംതൃപ്തയാണ് ഇവർ