തന്‍റെ ഈ തവണത്തെ പൊങ്കാല മുഖ്യമന്ത്രിയുടെ ആയുരാരോഗ്യ സൗഖ്യത്തിനായിട്ടാണെന്ന് ഔഷധി ചെയർപേഴ്സണ്‍ ശോഭന ജോർജ്. പിണറായി വിജയന്‍റെ ആരോഗ്യത്തിനായിട്ടാണ് തന്‍റെ പൊങ്കാലയെന്നും പിണറായിക്ക് ആരോഗ്യം നല്ലതാണെങ്കില്‍ അത് കേരളത്തിന് ഗുണകരമാണെന്നും എന്‍റെ പ്രാത്ഥന അമ്മ കേള്‍ക്കുമെന്നും ശോഭന ജോർജ് പറയുന്നു. താന്‍ സഹോദര സ്ഥാനത്ത് കാണുന്ന ആളാണ് പിണറായിയെന്നും ഒരു അനിയത്തിയുടെ പൊങ്കാലയാണ് ഇതെന്നും ശോഭന ജോർജ് പറയുന്നു.
പ്രാർഥനകളോടെ പൊങ്കാല അടുപ്പിൽ തീ പകർന്നു ഭക്തർ. ആദിപരാശക്തിയായ അമ്മയ്ക്കു മുന്നിൽ നോവും നിറവുകളും സമർപ്പിച്ച് ആത്മസായൂജ്യമടയുന്ന ആറ്റുകാൽ പൊങ്കാലയ്ക്കു തുടക്കം. ശുദ്ധപുണ്യാഹത്തിനു ശേഷം തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി വി.മുരളീധരൻ നമ്പൂതിരി ശ്രീകോവിലിൽ നിന്നുള്ള ദീപം ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ പകർന്നു.
ഇതേ ദീപം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്നിലൊരുക്കിയ പണ്ടാര അടുപ്പിലും പകർന്നു. പിന്നാലെ ഭക്തർ ഒരുക്കിയ അടുപ്പുകളും എരിഞ്ഞുതുടങ്ങി. ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും അകമ്പടിയേകി. ദുഃഖങ്ങളെ കനലിലെരിയിച്ച്, ജീവിതാനന്ദത്തിന്റെ മധുരം നിവേദിച്ച പൊങ്കാലയുമായി മടങ്ങാൻ ഭക്തലക്ഷങ്ങളാണു തലസ്ഥാനത്ത് എത്തിയിട്ടുള്ളത്.