ഉത്തരധ്രുവത്തിന് ചുറ്റുമുള്ള സമുദ്രമാണ് ആർട്ടിക് സമുദ്രം. അറ്റ്‌ലാന്‍റിക്, പസഫിക് സമുദ്രങ്ങളുടെ വടക്കുഭാഗം ചേർന്നാണ് ആര്‍ട്ടിക് സമുദ്രം രൂപപ്പെട്ടത്. ധ്രുവപ്രദേശമായതിനാൽ ആർട്ടിക് സമുദ്രത്തിലും മഞ്ഞുകട്ടകൾ ഒഴുകിനീങ്ങുന്നതു കാണാം. വർഷത്തിൽ ആറുമാസം ഈ സമുദ്രത്തിന്‍റെ ഉപരിതലം പൂർണമായും മഞ്ഞുമൂടിക്കിടക്കും. എന്നാല്‍ ഭൂമിയിലെ താപനില വര്‍ധിച്ചതോടെ ആര്‍ട്ടികിലെ ഹിമാനികള്‍ അതിവേഗം ഉരുകി മാറുകയാണെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
നാസയുടെ നാഷണല്‍ സ്നോ ആന്‍റ് ഐസ് ഡേറ്റ സെന്‍ററിന്‍റെ കണക്കനുസരിച്ച് 4.28 ദശലക്ഷം ചതുരശ്രകിലോമീറ്റര്‍ ഐസാണ് ഇത്തവണ ഉരുകിമാറിയത്. അലാസ്കയെക്കാള്‍ വലിപ്പത്തില്‍ കടല്‍ മഞ്ഞ് ഉരുകിയെന്ന് സാരം. പ്രതിവര്‍ഷം 77,800 ചതുരശ്ര കിലോമീറ്റര്‍ എന്ന കണക്കിലാണ് ഇപ്പോള്‍ മഞ്ഞുരുകുന്നതെന്നും എന്‍എസ്ഐഡിസി റിപ്പോര്‍ട്ട് പറയുന്നു. ആര്‍ട്ടിക്കിലെ മഞ്ഞ് പതിവിലും നേര്‍ത്തുവെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ നഥാന്‍ കുര്‍ട്സ് വെളിപ്പെടുത്തി. 1980 ല്‍ ഐസിന്‍റെ കനം 2.7 മീറ്ററായിരുന്നുവെങ്കില്‍ ഇന്നത് 1.3 മീറ്റര്‍ മാത്രമായെന്നും അദ്ദേഹം വിശദീകരിക്കുന്നു. വേനലില്‍ ഇത് രൂക്ഷമാകുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഭൂമിയിലെ തന്നെ അതീവ കാലാവസ്ഥാലോല മേഖലയെന്ന് ആര്‍ട്ടിക്കിനെ വിശേഷിപ്പിക്കാം. 1970 മുതല്‍ തന്നെ ആര്‍ട്ടിക് കടലിലെ മഞ്ഞുപാളി ഉരുകി നീങ്ങാന്‍ തുടങ്ങിയിരുന്നുവെന്ന് ശാസ്ത്രലോകം പറയുന്നു.
ഇത്തരത്തില്‍ മഞ്ഞുരുകുന്നത് അതീവ ഗൗരവതരമാണെന്നും കൂടുതല്‍ പഠനങ്ങളും ഇടപെടലും ആവശ്യമാണെന്നും 40 വര്‍ഷം മുന്‍പ് തന്നെ ഗവേഷകരും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇക്കാലയളവില്‍ ആര്‍ട്ടിക്കിലെ പകുതിയോളം കടല്‍ മഞ്ഞും ഉരുകിത്തീര്‍ന്നു. അതിവേഗത്തിലുള്ള കാലാവസ്ഥാ മാറ്റം സമുദ്രത്തിലെ ജൈവ വ്യവസ്ഥയെയും സമുദ്രജലപ്രവാഹങ്ങളെയും കാലാവസ്ഥയെയും താറുമാറാക്കുകയാണ്. ഭൂമിയിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് നാലിരട്ടിയാണ് ആര്‍ട്ടിക്കില്‍ ചൂട് വര്‍ധിക്കുന്നതെന്നും കാലാവസ്ഥ മാറ്റം അതിരൂക്ഷമാക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. അന്‍റാര്‍ട്ടിക്കിലും സമാനമായ സ്ഥിതിയാണുള്ളത്. മഞ്ഞില്ലാത്ത ആര്‍ട്ടിക് എന്ത് മാറ്റവും വെല്ലുവിളികളുമാകും സൃഷ്ടിക്കുകയെന്ന ആകാംക്ഷയിലും ആശങ്കയിലുമാണ് ലോകം.