AI Generator Image

കാലാവസ്ഥ മാറ്റത്തിന്‍റെ കെടുതികള്‍ പ്രത്യക്ഷത്തില്‍ തന്നെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്. കാലം തെറ്റിയ മഴയും കൊടുംചൂടും ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുക്കവും ഭാവിയെ പറ്റിയുള്ള ആശങ്കകളെ ഏറ്റുകയാണ്. കാലവസ്ഥ വ്യതിയാനത്തെ നിയന്ത്രിക്കാനുള്ള വഴികള്‍ക്കായുള്ള തിരച്ചിലിലാണ് ശാസ്​ത്രജ്ഞരും. 

ചൂടേറി കൊണ്ടിരിക്കുന്ന ഭൂമിയെ തണുപ്പിക്കാനായി ശാസ്​ത്രജ്ഞന്മാര്‍ ഒരു പുതിയൊരു കണ്ടെത്തലാണ് നടത്തിയിരിക്കുന്നത്. പക്ഷേ ഇതിന് വേണ്ടിവരുന്ന ചെലവ്‍ ഭൂമിപോലും താങ്ങില്ല. കുറഞ്ഞത് ഒരു 45 കൊല്ലത്തേക്ക് എങ്കിലും ഭൂമിയെ തണുപ്പിക്കാന്‍ 200 ട്രില്യണ്‍ ‍ഡോളറെങ്കിലും വേണ്ടിവരും. കാരണം ഭൂമിയെ തണുപ്പിക്കാനായി ശാസ്​ത്രജ്ഞന്‍മാര്‍ ആവശ്യപ്പെടുന്നത് 5 മില്യണ്‍ ടണ്‍ വജ്രപ്പൊടിയാണ്. ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്​സില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തിലാണ് വജ്രപ്പൊടി അന്തരീക്ഷത്തിലേക്ക് കയറ്റിവിടുന്നത് ഭൂമിയെ തണുപ്പിക്കാന്‍ ഫലപ്രദമായ മാര്‍ഗമാണെന്ന് പറയുന്നത്. 

കാലാവസ്ഥ വ്യതിയാനം നിര്‍ണായക ഘട്ടത്തിലെത്തിനില്‍ക്കുന്ന ഈ സമയത്ത് സൂര്യപ്രകാശത്തേയും താപത്തേയും ബഹിരാകാശത്തേക്ക് തന്നെ തിരിച്ചുവിടാനുള്ള മാര്‍ഗങ്ങള്‍ തേടണമെന്നാണ് ശാസ്ത്രജ്ഞരുടെ നിര്‍ദേശം. ഇതിനായി വിവിധ സൂക്ഷ്​മകണികകള്‍ ഉപയോഗിച്ച്  വിപുലമായ 3ഡി കാലാവസ്ഥ മാതൃകകള്‍ നിര്‍മിച്ച് ആഗോളതാപനത്തെ എങ്ങനെ നേരിടാമെന്ന് ശാസ്ത്രജ്ഞരുമുള്‍പ്പെടെ സംഘം പരിശോധിച്ചു. കാൽസൈറ്റ്, അലുമിനിയം, സിലിക്കൺ കാർബൈഡ്, സൾഫർ ഡയോക്സൈഡ് ഉള്‍പ്പെടെയുള്ള പദാര്‍ത്ഥങ്ങളാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. 

പരീക്ഷണങ്ങള്‍ക്കൊടുവില്‍ വജ്രത്തെയാണ് ഏറ്റവും മികച്ച ഓപ്​ഷനായി ശാസ്ത്രജ്ഞര്‍ തിരഞ്ഞെടുത്തത്. ഏറ്റവുമധികം സൂര്യപ്രകാശത്തേയും താപത്തേയും പ്രതിഫലിപ്പിക്കുന്നത് വജ്രമായിരുന്നു. ഇത് അന്തരീക്ഷത്തില്‍ വച്ച് ഒന്നിച്ചുചേരുകയില്ലെന്നും നിശ്ചിതസമയത്തേക്ക് അന്തരീക്ഷത്തില്‍ തന്നെ നില്‍ക്കുമെന്നും ശാസ്​ത്രജ്ഞന്മാര്‍ പറയുന്നു. രാസപരമായി നിഷ്​ക്രിയവുമാണ്. പാരിസ്ഥിതികമായി പാര്‍ശ്വഫലങ്ങളുടെ സാധ്യതയും വജ്രം കുറക്കുന്നു. 

പ്രതിവര്‍ഷം 5 ദശലക്ഷം ടണ്‍ ക്രിത്രിമ വജ്രപ്പൊടി അന്തരീക്ഷത്തിലേക്ക് ലയിപ്പിക്കുന്നതിലൂടെ 45 വര്‍ഷത്തിനുള്ളില്‍ ഭൂമിയെ തണുപ്പിക്കാമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. എന്നിരുന്നാലും ഇതിനായി ആവശ്യമായ ചിലവാണ് ഒരു പ്രതിസന്ധിയായി നിലനില്‍ക്കുന്നത്. ഈ മാര്‍ഗം അവലംബിക്കാനുള്ള സാങ്കീര്‍ണതയും മറ്റൊരു വെല്ലുവിളിയാണ്. 

ENGLISH SUMMARY:

Scientists say 5 million tons of diamond dust is needed to cool the earth