രാജ്യത്തെ ആദ്യ തവളസങ്കേതം കേരളത്തില്‍ സ്ഥാപിക്കാനുള്ള പദ്ധതിനിര്‍ദ്ദേശം പതിമൂന്നുവര്‍ഷമായിട്ടും വിസ്മൃതിയില്‍.2011 ലാണ് ഡല്‍ഹി സര്‍വകലാശാല പരിസ്ഥിതി പഠനവിഭാഗം മേധാവിയും ഹാര്‍വാഡ് സര്‍വകലാശാല റാഡ്ക്ലിഫ് ഫെലോയുമായ ഡോ. എസ്.ഡി.ബിജുവിന്റെ നേതൃത്വത്തില്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചത്.അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും പദ്ധതിക്ക് പിന്തുണ അറിയിച്ചെങ്കിലും തുടര്‍നടപടികളുണ്ടായില്ല.
കാലാവസ്ഥാമാറ്റം ആദ്യംതിരിച്ചറിയുന്ന ജീവിവിഭാഗമെന്നനിലയിലാണ് പശ്ചിമഘട്ടത്തിലെ തവള വര്‍ഗങ്ങളെ വംശനാശഭീഷണിയില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമം തുടങ്ങിയത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ കേരള ശ്രീ പുരസ്കാര ജേതാവ് ഇന്ത്യയുടെ തവള മനുഷ്യന്‍ എന്നറിയപ്പെടുന്ന ഡോ സത്യഭാമദാസ് ബിജുവിന്റെ നേതൃത്വത്തില്‍ 2011ല്‍ ഇതിനായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു.അന്നത്തെ മുഖ്യന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും ഇതിന്റെ പ്രാധാന്യം തിരിച്ചറിയുകയും ചെയ്തു.
കടുവ, ആന, കാണ്ടാമൃഗം, പക്ഷി സങ്കേതങ്ങള്‍ പോലെ തവളകള്‍ക്കും ബഹ്യഇടപെടലുകളിലാത്ത ആവാസവ്യവസ്ഥ സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം.
പ്രകൃതിയുടെ ഭാവമാറ്റങ്ങളുടെ പ്രഥമ മുന്നറയിപ്പുകാരായ തവള വര്‍ഗങ്ങളിലേറെയും വംശനാശഭീഷണിയിലാണ്. 2011 ന് ശേഷം മഹാപ്രളയവും ഉരുള്‍പ്പൊട്ടലും ഉള്‍പ്പടെ കേരളം തുടരെ പ്രകൃതിദുരന്തങ്ങള്‍ നേരിട്ടു. ഈ പശ്ചാത്തലത്തിലാണ് തവള സങ്കേതമെന്ന ആശയത്തിന് പ്രസക്തിയേറുന്നത്
ജൈവവൈവിധ്യം നേരിടുന്ന വെല്ലുവിളികള്‍ തവളജീവിതത്തിന്റെ അടിസ്ഥാനത്തില്‍ എന്ന വിഷയത്തില്‍ പ്രഭാഷണത്തിന് എത്തിയായിരുന്നു ഡോ.ബിജു.മാര്‍ഇവാനിയോസ് കോളജിന്റെ എഴുപത്തഞ്ചാം വാര്‍ഷികം പ്രമാണിച്ച് ജന്തുശാസ്ത്രവിഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്.