അതിർത്തിയിലെ സംഘർഷങ്ങൾ കാരണം ഇന്ത്യ പാക്കിസ്ഥാൻ ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിൽ ചില പേരുകൾ രജിസ്റ്റര്‍ ചെയ്യാനുള്ള തിരക്കിലാണ് ബോളിവുഡില്‍ പ്രൊഡ്യൂസര്‍മാർ. പാകിസ്ഥാനിലകപ്പെട്ടു പോയ ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വർധമാന്റെ തിരിച്ചുവരവിന് വേണ്ടി രാജ്യം പ്രാര്‍ത്ഥിക്കുമ്പോള്‍ അഭിനന്ദന്റെയും ബാലാക്കോട്ട് ആക്രമണത്തിന്റെയും പേരുകൾ സിനിമയ്ക്കു വേണ്ടി റജിസ്റ്റര്‍ ചെയ്യാനുള്ള ശ്രമമാണ് നടന്നത്.
ഇന്ത്യ പാകിസ്ഥാന് തിരിച്ചടി നൽകിയ ഫെബ്രുവരി 26ന് അന്ധേരിയിലെ ഇന്ത്യന്‍ മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഓഫീസില്‍ നടന്ന സംഭവങ്ങളെ ഉദ്ധരിച്ച് ഹഫിങ്ടണ്‍ പോസ്റ്റ് എന്ന മാധ്യമത്തിന്റെതാണ് റിപ്പോര്‍ട്ട്.
ആ സമയത്ത് ചുരുങ്ങിയത് അഞ്ചോളം പ്രൊഡ്യൂസര്‍മാര്‍ സിനിമകളുടെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ഓഫീസിലെത്തിയെന്നും ‘ബാലാക്കോട്ട്’, സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌സ് 2.0 തുടങ്ങിയ പേരുകള്‍ക്ക് വേണ്ടി പരസ്പരം മത്സരിച്ചുവെന്ന് പേര് വെളിപ്പെടുത്താത്ത ആളെ ഉദ്ധരിച്ച് ഹഫിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ ‘ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ ചിത്രം വന്‍ വിജയമായതിന് പിന്നാലെ ഇന്ത്യാ-പാക് സംഘര്‍ഷത്തെ കുറിച്ച് പറയുന്ന സിനിമാ പേരുകള്‍ക്കും പ്ലോട്ടുകള്‍ക്കും ആളുകള്‍ കൂടിയെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഫെബ്രുവരി 14 ലെ പുല്‍വാമ ആക്രമണത്തിന് ശേഷം നിരവധി സിനിമ പേരുകൾ രജിസ്റ്റര്‍ ചെയ്തിരുന്നു. ‘കംപ്ലീറ്റ് സിനിമ’ എന്ന മാഗസിനാണ് ഇക്കാര്യം പുറത്തു വിട്ടിത്. പുൽവാമ ദി സർജിക്കൽ സ്ട്രൈക്ക്, വാർ റൂം, ഹിന്ദുസ്ഥാൻ ഹമാരേ, പുൽവാമ ടെറർ അറ്റാക്ക്, ദി അറ്റാക്കസ് ഓഫ് പുൽവാമ, വിത്ത് ലൗവ് തുടങ്ങിയ പേരുകളാണ് രജിസ്റ്റർ ചെയ്തത്.