mig21-indian-army

ഇന്ത്യയുടെ വേദനയും അഭിമാനവുമായി മാറുകയാണ് വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍. പാക് സൈന്യത്തിന്റെ കൈകളിൽ അകപ്പെട്ടിട്ടും അഭിനന്ദൻ പ്രകടപ്പിക്കുന്ന ധൈര്യവും രാജ്യസ്നേഹവും ലോകത്തെ അമ്പരപ്പിക്കുകയാണ്. പിടിയിലാകുന്നതിനു മുൻപ് അഭിനന്ദൻ പ്രദർശിപ്പിച്ച ധീരതയേയും ചങ്കുറ്റത്തെയും പുകഴ്ത്തുകയാണ് പാക് മാധ്യമങ്ങൾ. 

അഭിനന്ദന്‍ പാക് ഭൂപ്രദേശത്ത് വീണപ്പോള്‍ പിടികൂടിയ പാക്കിസ്ഥാന്‍കാരെ അഭിമുഖം നടത്തി  പാക് മാധ്യമം ഡോൺ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് അഭിനന്ദന്റെ ധൈര്യത്തില്‍ ഡോണ്‍ ആശ്ചര്യം പ്രകടിപ്പിച്ചിരിക്കുന്നത്. വിമാനത്തില്‍ നിന്ന് പാക് പ്രദേശത്ത് പാരച്യൂട്ടില്‍ ഇറങ്ങിയ അഭിനന്ദനെ റസാഖ് എന്ന പ്രദേശവാസിയാണ് ആദ്യം കാണുന്നത്. ഉടന്‍തന്നെ അദ്ദേഹം ചെറുപ്പക്കാരെ കൂട്ടി അങ്ങോട്ടേക്ക് പുറപ്പെട്ടെങ്കിലും കീഴടങ്ങാന്‍ അഭിനന്ദന്‍ കൂട്ടാക്കിയില്ല. ഓടിക്കൂടിയ യുവാക്കളോട് ഇത് ഇന്ത്യയാണോ പാക്കിസ്ഥാനാണോ എന്ന് അഭിനന്ദന്‍ ചോദിച്ചു. പാക്കിസ്ഥാൻ ആണെന്ന് മനസിലായതോടെ അഭിനന്ദൻ ഇന്ത്യയ്ക്ക് അനുകൂല മുദ്രാവാക്യം മുഴക്കി. ഉടനെ യുവാക്കള്‍ പാക്ക് സേനയ്ക്ക് അനുകൂല മുദ്രാവാക്യം വിളിച്ചു. ഇതോടെ കൈയ്യിലുണ്ടായിരുന്ന പിസ്റ്റളില്‍ നിന്നും അഭിനന്ദന്‍ ആകാശത്തേക്ക് വെടി ഉതിര്‍ത്തു. 

ആള്‍ക്കൂട്ടത്തെ വിരട്ടിയോടിച്ച ശേഷം തിരിച്ച് ഇന്ത്യയിലേക്ക് ഓടാന്‍ ശ്രമിച്ചതായും, കൈവശമുണ്ടായിരുന്ന രേഖകള്‍ വലിച്ചുകീറി കളയാനും, വെള്ളത്തില്‍ ഒഴുക്കിക്കളയാനും ശ്രമിച്ചതായും ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടയിൽ ആള്‍ക്കുട്ടത്തില്‍ നിന്നൊരാള്‍ അഭിനന്ദന്റെ കാലില്‍ വെടിവയ്ച്ചതായും റിപ്പോർട്ടുണ്ട്. ഇതിന് ശേഷമാണ് സൈന്യമെത്തി അഭിനന്ദന്‍ വര്‍ദ്ധമാനെ കസ്റ്റഡിയിലെടുക്കുന്നത്. 

പാക്കിസ്ഥാന്‍റെ ചോദ്യം ചെയ്യലിലും തന്റെ പേരല്ലാതെ മറ്റ് വിവരങ്ങളൊന്നും വിങ്ങ് കമാൻ‍ഡർ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പങ്കുവയ്ക്കുന്നുമില്ല. വിങ്ങ് കമാന്ററുടെ മിഗ് 21 വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ എന്ന പേരിലാണ് കഴിഞ്ഞ ദിവസം പാക്ക് അധീന കശ്മീരില്‍ നിന്നുള്ള ചിത്രം പാക്കിസ്ഥാന്‍ പുറത്തുവിട്ടത്. എന്നാല്‍ ഇത് ഇന്ത്യ വെടിവച്ചിട്ട പാക് പോര്‍ വിമാനമായ മിഗ് 16 ന്‍റേതാണെന്നതിന്‍റെ തെളിവും പുറത്തു വന്നു.