parents-at-flight

വിങ് കമാൻഡർ അഭിനന്ദൻ വർധമാന്റെ മാതാപിതാക്കൾക്ക് ഡല്‍ഹിയിലേക്കുളള യാത്രയ്ക്കിടെ വിമാനത്തിൽ വൻ സ്വീകരണം. വാഗ അതിർത്തിയിൽ അഭിനന്ദിനെ സ്വീകരിക്കാൻ ചെന്നൈയിൽ നിന്ന് ഇന്നലെ രാത്രിയാണ് മാതാപിതാക്കൾ പുറപ്പെട്ടത്. ചെന്നൈ –ഡൽഹി ഇൻഡിഗോ വിമാനത്തിലെ യാത്രക്കാർ അഭിനന്ദിന്റെ  മാതാപിതാക്കളെ കൈയടികളോടെയാണ് സ്വീകരിച്ചതും യാത്രയാക്കിയതും. അഭിനന്ദിന്റെ മാതാപിതാക്കൾ യാത്ര ചെയ്യുന്ന കാര്യം വിമാനത്തിലെ ജീവനക്കാർ അനൗണ്‍സ്  ചെയ്തിരുന്നു.

 

അതേസമയം അഭിനന്ദൻ വർധമാനെ വിട്ടയക്കാൻ പാകിസ്ഥാൻ തീരുമാനിച്ചതിന്റെ സന്തോഷത്തിലാണ് കുടുംബാഗങ്ങളും ചെന്നൈ മാടമ്പാക്കത്തെ നാട്ടുകാരും. അഭിനന്ദനെ സ്വീകരിക്കാനായി കുടുംബം ഡല്‍ഹിയിലെത്തി.

 

മണിക്കൂറുകൾ നീണ്ടു നിന്ന ആശങ്കകൾ ഒഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഏവരും. യുദ്ധങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ അനുഭവം റിട്ടയേർഡ് എയര്‍മാര്‍ഷലും  അഭിനന്ദിന്റെ പിതാവുമായ സിംഹക്കുട്ടി വർധമാന് പ്രതീക്ഷയോടെ കാത്തിരിക്കാൻ കരുത്തേകി. ശുഭ വാർത്ത വരുന്നത് വരെ മറ്റ് കുടുബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ധൈര്യമേകി എസ്.വർധമാൻ. പാക്കിസ്ഥാനില്‍ നിന്നു വന്ന അഭിനന്ദന്റെ ആദ്യ ദൃശ്യങ്ങള്‍ ഒട്ടും സന്തോഷം നൽകുന്നതായിരുന്നില്ല. പക്ഷേ  ആരും പ്രതീക്ഷ കൈവിട്ടില്ല. അഭിനന്ദനെ നാളെ ഇന്ത്യയിലേക്ക് എത്തിയ്ക്കുമെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചതോടെ, എല്ലാവരും സന്തോഷത്തിലായി. വിവിധ സേനകളിലെ ഉദ്യോഗസ്ഥൻമാരും രാഷ്ട്രീയക്കാരും മാടമ്പാക്കം ജൽവായു വിഹാറിലെ കോളനിയിലെത്തി കുടുംബാംഗങ്ങളെ കണ്ടു.  ധൈര്യശാലിയായ മകനെ ഓര്‍ത്ത് അഭിമാനിക്കുന്നു എന്നാണ് ആ അച്ഛൻ സുഹൃത്തുക്കൾക്കയച്ച സന്ദേശത്തിൽ പറഞ്ഞത്