കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വേദിയില്‍ പുരസ്കാരം നിരസിച്ച് പ്രശസ്ത കർഷക ശാസ്ത്രഞ്ജൻ ഡോ.വിരേന്ദ്രപാൽ സിങ്. പ‍ഞ്ചാബ് കാർഷിക സർവകലാശാലയിലെ പ്രിന്‍സിപ്പൽ ഡോ.വിരേന്ദ്രപാൽ സിങ് അവാർഡ് വാങ്ങുവാൻ വേദിയിലേയ്ക്ക് ക്ഷണിക്കപ്പെട്ട നിമിഷം നാടകീയമായി തന്റെ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയായിരുന്നു അവാർഡ് നല്‍കാനെത്തിയത്. പിന്നാലെ അദ്ദേഹം അവാര്‍ഡ് നിരസിച്ചു. കര്‍ഷകര്‍ തെരുവില്‍ തുടരുമ്പോള്‍ അവാർഡ് സ്വീകരിക്കാൻ മനസ് വരുന്നില്ലെന്നും നിരസിക്കുന്നതിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് കയ്യിലിരുന്ന കത്ത് പ്രധാനമന്ത്രി നരേന്ദ്രിമോദിക്ക് കൈമാറാനായി അദ്ദേഹം വേദിയില്‍ ഏല്‍പിച്ചു. കര്‍ഷകര്‍ക്കൊപ്പമെന്ന് വേദിയില്‍ അദ്ദേഹം മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

താന്‍ രാഷ്രീയക്കാരനോ തീവ്രവാദിയോ അല്ലെന്ന് പറഞ്ഞാണ് കത്തിന്‍റെ തുടക്കം. അന്നദാതാക്കളായ തന്റെ കൂടെയുള്ളവരെ തീവ്രവാദികളെന്ന് വിശേഷിപ്പിച്ച ചിലരുടെ പ്രവർത്തിയിൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. സർക്കാർ രാജ്യത്തെ കർഷകരുടെ ഉന്നമനത്തിനും അവരുടെ ആവശ്യങ്ങൾ നടത്താനും പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കർഷക വിളകളിൽ യൂറിയയുടെ അംശം സംബന്ധിച്ച പഠനങ്ങൾ നടത്തിയതിന് ഡോ.വിരേന്ദ്രപാൽ സിങിന് പ്രശംസ ലഭിച്ചിരുന്നു. ഇതുമായി ബദ്ധപ്പെട്ട സാങ്കേതികവിദ്യ കാർഷികമേഖലയിൽ ഉപയോഗിച്ചാൽ ഏകദേശം 700 കോടിയോളം രൂപ പഞ്ചാബിലെ കർഷകർക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, കർഷക പ്രതിഷേധം ഒത്തുതീർപ്പിലെത്തിക്കാൻ അഞ്ചിന ഫോർമുല മുന്നോട്ടുവച്ച് കേന്ദ്ര സർക്കാർ. താങ്ങുവില രേഖാമൂലം ഉറപ്പു നൽകുന്നത് അടക്കമുള്ളതാണ് ഫോർമുല. സർക്കാരിന്റെ ഫോർമുലയോട് വഴങ്ങണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാർ കർഷക സംഘടനകൾ യോഗം തുടങ്ങി. ഇതേത്തുടർന്ന് ഇന്ന് നടക്കേണ്ടിയിരുന്ന ആറാംഘട്ട ചർച്ച റദ്ദാക്കി. ഫോർമുലയെ ക്രിയാത്മകമായി പരിഗണിക്കുമെന്ന് കർഷക സംഘടനകൾ പ്രതികരിച്ചു.