Jodhpur

TAGS

ഇന്നലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായ രാജസ്ഥാനിലെ ജോധ്പുരില്‍ വീണ്ടും സംഘര്‍ഷം. പൊലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കി. കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ജോധ്പുര്‍ കമ്മിഷണര്‍ നവ്ജ്യോതി ഗൊഗോയ് അറിയിച്ചു. മുഖ്യമന്ത്രി അശോക് ഗെലോട്ട്  ഉന്നതതലയോഗം വിളിച്ചു.

ജലോരി ഗേറ്റിന് സമീപം ഇന്നലെ രാത്രി 11.30 ഒാടെയാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘഷര്‍മുണ്ടായത്. പരശുരാമ ജയന്തി, ഈദ് ആഘോഷങ്ങള്‍ക്കിടെ മതചിഹ്നങ്ങളുള്ള കൊടികള്‍ ഉയര്‍ത്തുന്നതിനെച്ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തുടര്‍ന്ന് കല്ലേറുണ്ടായി. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. കണ്ണീര്‍ വാതകം പ്രയോഗിച്ചു. സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ നാല് മാധ്യമപ്രവര്‍ത്തകര്‍ക്ക് ലാത്തിച്ചാര്‍ജിനിടെ പരുക്കേറ്റു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കാന്‍ ജോധ്പുര്‍ ഡിവിഷണല്‍ കമ്മിഷണര്‍ ഹിമാന്‍ഷു ഗുപ്ത ഉത്തരവിട്ടു. കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. രാവിലെയുണ്ടായ കല്ലേറില്‍ നാല് പൊലീസുകാര്‍ക്ക് പരുക്കേറ്റു. 

സമാധാനവും സഹകരണവും നിലനിര്‍ത്തണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് ആഹ്വാനം ചെയ്തു. ഡല്‍ഹിയിലും ഗുജറാത്തിലും മധ്യപ്രദേശിലും ജാര്‍ഖണ്ഡിലും ബംഗാളിലും വിവിധ ആഘോഷങ്ങള്‍ക്കിെട സംഘര്‍ഷമുണ്ടായിരുന്നു.