ഇന്നലെ പോത്തുകളുമായി കൂട്ടിയിടിച്ച് തകരാർ ഉണ്ടായതിന് പിന്നാലെ ഇന്ന് വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പശുവുമായി കൂട്ടിയിടിച്ച് തകരാർ. ഗാന്ധിനഗര്‍- മുംബൈ റൂട്ടില്‍ അനന്ദ് സ്റ്റേഷന് സമീപത്താണ് പുതിയ അപകടം. ട്രാക്കിലേക്ക് കയറി വന്ന പശുവിനെ ഇടിക്കുകയായിരുന്നു. ട്രെയിന് മുന്നിലെ ഫൈബർ കവചത്തിന് ചെറിയ തകരാർ സംഭവിച്ചിട്ടുണ്ട്. പത്തുമിനിറ്റോളം ട്രെയിൻ നിർത്തിയിട്ട ശേഷം പരിശോധനകൾ കഴിഞ്ഞാണ് യാത്ര തുടർന്നത്.
ഇന്നലെ കന്നുകാലികളെ ഇടിച്ചതിനെ തുടർന്ന് വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിന് തകരാർ സംഭവിച്ചതിൽ പോത്തുകളുടെ ഉടമകൾക്കെതിരെ കേസെടുത്തിരുന്നു. ആർപിഎഫ് ആണ് കേസെടുത്തിരിക്കുന്നത്. ഇടിയിൽ ട്രെയിന് തകരാർ സംഭവിക്കുകയും നാല് പോത്തുകളുടെ ജീവൻ നഷ്ടമാവുകയും ചെയ്തിരുന്നു. റെയിൽവേ ആക്ട് സെഷൻ 147 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതിവേഗവണ്ടികള്‍ പോകുന്ന പാളങ്ങളിലേക്ക് മൃഗങ്ങള്‍ കടക്കാതിരിക്കാന്‍ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.