ഇന്ത്യയിലെ പ്രഥമ അലൂമിനിയം ചരക്കു വാഗൺ ഭുവനേശ്വറില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു. കാര്‍ബണ്‍ പുറന്തള്ളല്‍ വന്‍തോതില്‍ കുറയ്ക്കാന്‍ റെയില്‍വേയെ സഹായിക്കുന്നതാണ് ഹിന്‍ഡാല്‍കോ നിർമിച്ച അലൂമിനിയം ചരക്കു വാഗണുകളുടെ പുതുനിര. റെയില്‍വേ ഇപ്പോള്‍ ഉപയോഗിക്കുന്ന ഉരുക്കു വാഗണുകളേക്കാള്‍ 180 ടണ്‍ ഭാരക്കുറവുള്ളതാണിത്. ചരക്കു വാഹക ശേഷി ഉരുക്കു വാഗണുകളേക്കാള്‍ 5 മുതല്‍ 10 ശതമാനം വരെ കൂടുതലാണ്. ആപേക്ഷികമായി കുറഞ്ഞ ഊര്‍ജം ഉപയോഗിക്കുന്ന ഇവയുടെ തേയ്മാന നിരക്കും കുറവാണ്.
അഭിമാനകരമായ നിമിഷമാണിതെന്നും സ്വദേശ നിർമിതിയില്‍ വന്‍ കുതിപ്പാണു നടത്തിയിരിക്കുന്നതെന്നും 61 ചരക്കു വാഗണുകള്‍ ഭുവനേശ്വര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഫ്ലാഗ് ഓഫ് ചെയ്തു അശ്വിനി വൈഷ്ണവ് പറഞ്ഞു. ഒഡിഷയിലെ ലപാങ്കയിലെ ഹിന്‍ഡാല്‍കോയുടെ ആദിത്യ അലൂമിനിയം സംസ്‌കരണ കേന്ദ്രത്തിലേക്കുള്ള കല്‍ക്കരിയാണ് ഈ വാഗണുകളില്‍ കൊണ്ടു പോകുന്നത്.
2026ലെ റെയില്‍വേയുടെ ചരക്കു ലക്ഷ്യം 2,528 ദശലക്ഷം ടണ്ണാണ്. ഇതിനായി 70,000 വാഗണുകള്‍ കൂടി ആവശ്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. ലക്ഷ്യപ്രാപ്തിക്കായി ചരക്കു വാഹക ശേഷി 10 ശതമാനം വര്‍ധിപ്പിക്കുന്ന അലുമിനിയം വാഗണ്‍ നിര കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതോടൊപ്പം പ്രവര്‍ത്തന ശേഷി കൂടിയ ഹരിത റെയില്‍വേ ശൃംഖലയ്ക്കു കൂടി തുടക്കമിടുമെന്ന് അദ്ദേഹം അറിയിച്ചു.
അടിവശം തുറക്കുന്ന അലൂമിനിയം ചരക്കു വാഗണുകള്‍ കല്‍ക്കരി കൊണ്ടുപോകാന്‍ പ്രത്യേകമായി രൂപകല്‍പന ചെയ്തതാണ്. ഒരു വാഗണ്‍ നിരയ്ക്കു മാത്രം 14,500 ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ കഴിയും. വരും വര്‍ഷങ്ങളില്‍ ഇത്തരം ഒരു ലക്ഷം വാഗണുകളാണ് റെയില്‍വേ ഇറക്കാനുദ്ദേശിക്കുന്നത്.