വാടക ഗർഭധാരണത്തിലൂടെ പ്രസവിച്ച നവജാത ശിശുക്കളെ പരിപാലിക്കുന്നതിനായി സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 270 ദിവസത്തെ പ്രസവാവധി അനുവദിച്ച് തമിഴ്നാട് സർക്കാർ ഉത്തരവിറക്കി. നിയമപരമായി റജിസ്ട്രേഷൻ, ഡോക്ടറുടെ സാക്ഷ്യപത്രം എന്നിവ ഉൾപ്പെടെയുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ് അവധി അനുവദിക്കുക. 2 കുട്ടികൾക്കു വരെ ഇത്തരത്തിൽ അവധി അനുവദിക്കും. കുട്ടിയുടെ ജനനത്തീയതി മുതൽ അവധിക്ക് അർഹതയുണ്ട്.
സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ വനിതാ ജീവനക്കാർക്കും അവധിക്ക് അർഹതയുണ്ട്. വാടക ഗർഭധാരണ പ്രക്രിയയിൽ സ്ത്രീകൾക്ക് ചികിൽസാ സമയം ആവശ്യമില്ലാത്തതിനാൽ സാധാരണ പ്രസവങ്ങൾക്ക് അനുവദിക്കുന്ന തരത്തിൽ 375 ദിവസത്തെ പ്രസവാവധി അനുവദിക്കാനാവില്ലെന്നും ഉത്തരവിലുണ്ട്. താരദമ്പതികളായ നയൻതാരയും വിഘ്നേഷ് ശിവനും വാടക ഗർഭധാരണം വഴി മാതാപിതാക്കളായതിനു പിന്നാലെയാണു വിഷയം കൂടുതൽ ചർച്ചയായത്.