India's Suryakumar Yadav celebrates after scoring a century during the T20 cricket international between India and New Zealand at Bay Oval, Mount Maunganui, New Zealand, Sunday, Nov. 20, 2022. (Andrew Cornaga/Photosport via AP)

India's Suryakumar Yadav celebrates after scoring a century during the T20 cricket international between India and New Zealand at Bay Oval, Mount Maunganui, New Zealand, Sunday, Nov. 20, 2022. (Andrew Cornaga/Photosport via AP)

ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ്, 18.5 ഓവറിൽ 126 റൺസിന് പുറത്തായി. നാല് വിക്കറ്റ് നേടിയ ഓൾറൗണ്ടർ ദീപക് ഹൂഡയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചെഹൽ എന്നിവരുമാണ് ന്യൂസീലൻഡ് ബാറ്റിങ് നിരയുടെ നട്ടല്ലൊടിച്ചത്. ഭുവനേശ്വർ കുമാർ, വാഷിങ്ടൻ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി

 

61 റൺസ് നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസനാണ് ന്യൂസീലൻസ് ബാറ്റിങ് നിരയിലെ ടോപ് സ്കോറർ. 52 പന്തിൽ രണ്ടു സിക്സും നാല് ഫോറും സഹിതമായിരുന്നു വില്യംസന്റെ ഇന്നിങ്സ്. വില്യംസനെ കൂടാതെ, ഡിവോൻ കോൺവേ (22 പന്തിൽ 25), ഗ്ലെൻ ഫിലിപ്സ് (6 പന്തിൽ 12), ഡാരിയൽ മിച്ചൽ (11 പന്തിൽ 10) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. ഫിൻ അലൻ(പൂജ്യം), ജെയിംസ് നീഷം (പൂജ്യം), മിച്ചൽ സാന്റിനർ (2), ആദം മിൻനെ (6), ഇഷ് സോദി (1), ടിം സൗത്തി (പൂജ്യം), ലോക്കി ഫെർഗൂസൺ (1*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോറുകൾ.

 

ആദ്യ ഓവറിന്റെ രണ്ടാം പന്തിൽ തന്നെ ഓപ്പണർ ഫിൻ അലനെ പുറത്താക്കി ഭുവനേശ്വർ കുമാറാണ് വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. പിന്നീട് തുടർച്ചയായ ഇടവേളകളിൽ വിക്കറ്റു വീണു. ഒരറ്റത്ത് വില്യംസൻ നിലയുറപ്പിച്ചെങ്കിലും ഒരിക്കൽ പോലും വിജയപ്രതീക്ഷ ഉണർത്താൻ കിവീസിനായില്ല. കോൺവേ പുറത്തായശേഷം ശക്തമായ മറ്റൊരു കൂട്ടുകെട്ട് പടുത്തുയർത്താൻ സാധിക്കാതെ പോയതും അവർക്ക് വിനയായി.

 

വീണ്ടും ഉദിച്ച് ‘സൂര്യ’

 

നേരത്തെ, സൂര്യകുമാർ യാദവിന്റെ സെഞ്ചറി മികവിലാണ് ഇന്ത്യ മികച്ച സ്കോർ നേടിയത്. നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 191 റണ്‍സെടുത്തത്. 51 പന്തിൽ ഏഴു സിക്സും 11 ഫോറുകളും സഹിതം പുറത്താകാതെ 111 റൺസെടുത്ത സൂര്യകുമാർ തന്നെയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഇതോടെ രോഹിത് ശർമയ്ക്കു ശേഷം ഒരു വർഷം രണ്ടു സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി സൂര്യകുമാർ.

 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ഇഷാൻ കിഷനും(31 പന്തിൽ 36 റൺസ്) ഋഷഭ് പന്തും(13 പന്തിൽ 6) നൽകിയത്. സ്കോർ 36ൽ നിൽക്കെ പന്തിനെ ഇന്ത്യയ്ക്കു നഷ്ടമായി. പിന്നാലെ എത്തിയ സൂര്യകുമാറിന്റെ അതിഗംഭീര ഇന്നിങ്സാണ് ഇന്ത്യയെ മികച്ച സ്കോറിൽ എത്തിച്ചത്. ശ്രേയസ് അയ്യർ ( 9 പന്തിൽ 13), ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ(13 പന്തിൽ 13) എന്നിവർ രണ്ടക്കം കടന്നപ്പോൾ ദീപക് ഹൂഡയും വാഷിങ്ടൻ സുന്ദറും പൂജ്യരായി മടങ്ങി. ഭുവനേശ്വർ കുമാർ പുറത്താകാതെ ഒരു റൺ നേടി.

 

ന്യൂസീലൻഡിനു വേണ്ടി മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ ടിം സൗത്തിയാണ് ഇന്ത്യയുടെ സ്കോർ 200 കടക്കാതെ പിടിച്ചു നിർത്തിയത്. സൗത്തിയുടേത് ഹാട്രിക് വിക്കറ്റ് നേട്ടമാണ്. ലോക്കി ഫെർഗൂസൺ രണ്ടു വിക്കറ്റുകളും ഇഷ് സൗദി ഒരു വിക്കറ്റും നേടി.

 

India beat New Zealand by 65 runs to take 1-0 lead in series