മാലിന്യ സംസ്കരണം പാളിയതിന് പിന്നാലെ കൊച്ചിയില്‍ പൊതുവിടങ്ങളില്‍ മാലിന്യം തള്ളുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ബ്രഹ്മപുരത്തെ തീപിടിത്തം കഴിഞ്ഞുള്ള രണ്ട് മാസങ്ങളില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത് 623 കേസുകള്‍. വീട്ടുമാലിന്യത്തിന് പുറമെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കക്കൂസ് മാലിന്യവും തള്ളുന്നത് കൊച്ചിയിലെ വഴിയോരങ്ങളില്‍.
ബ്രഹ്മപുരം തീപിടിതത്തിന് ശേഷമാണ് കൊച്ചിയിലെ സ്ഥിതി രൂക്ഷമായത്. മാര്‍ച്ച് രണ്ടിന് ബ്രഹ്മപുരത്തെ മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചതോടെ കൊച്ചിയിലെ മാലിന്യ നീക്കം നിലച്ചു. മാലിന്യം കൊണ്ടുപോകാനും സംസ്കരിക്കാനും മാര്‍ഗമില്ലാതായതോടെ ഇരുട്ടിന്‍റെ മറവിലാണ് അഭ്യാസങ്ങളത്രയും. നഗരത്തിന്‍റെ മുക്കിലും മൂലയിലും വാഹനത്തിലെത്തി മാലിന്യക്കെട്ടുകള്‍ തള്ളി മുങ്ങുന്നവര്‍ നിരവധി. ഈ വര്‍ഷം ഇതുവരെ മാലിന്യം തള്ളിയതിന് 738 കേസുകളാണ് കൊച്ചി സിറ്റി പൊലീസ് രജിസ്റ്റര്‍ ചെയ്തത്.
ഇതില്‍ 522 കേസും രജിസ്റ്റര്‍ ചെയ്തത് കഴിഞ്ഞ മാസം. മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്തത് 101 കേസുകള്‍. ഈ മാസം ഒരാഴ്ച പിന്നിടുമ്പോള്‍ കേസുകളുടെ എണ്ണം 88ആയി. മാര്‍ച്ച് പകുതിയോടെയാണ് പൊതുവിടങ്ങളില്‍ മാലിന്യം തള്ളുന്നുവരെ പിടികൂടാന്‍ പ്രത്യേക നിരീക്ഷണം ആരംഭിച്ചത്. നഗരസഭയും സ്ക്വാഡിനെ നിയോഗിച്ചു. ഇതോടെയാണ് കേസുകളുടെ എണ്ണം വര്‍ധിച്ചത്. വ്യാഴാഴ്ച രാത്രി മാത്രം പൊലീസ് രജിസ്റ്റര്‍ ചെയ്തത് 76 കേസുകള്‍. ഐപിസി 269 വകുപ്പ് പ്രകാരമാണ് കുറ്റകാര്‍ക്കെതിരെയുള്ള പൊലീസിന്‍റെ നടപടി. ആറ് മാസം തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. മാലിന്യം തള്ളാന്‍ എത്തിച്ച 31 വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.
Massive increase in the number of people throwing garbage in Kochi; 623 cases in two months