അന്തരിച്ച പ്രമുഖ ചലച്ചിത്ര സംവിധായകൻ സിദ്ധിഖിന്റെ ഭൗതികശരീരം കബറടക്കി.‌ എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. അതിനു മുന്നോടിയായി, സിദ്ദിഖിന് കേരള പോലീസ് ഗാർഡ് ഓഫ് ഹോണർ നൽകി. 

 

കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പൊതു ദർശനത്തിൽ ആയിരങ്ങൾ അവസാന നോക്ക് കാണാനെത്തി. സാമൂഹ്യ -സാംസ്കാരിക- സിനിമാ രംഗത്തെ പ്രമുഖരും അന്ത്യോപചാരം അർപ്പിച്ചു. മരണവാർത്തയറിഞ്ഞു പ്രിയ സംവിധായകനെ, സുഹൃത്തിനെ, നാട്ടുകാരനെ, കാണാൻ ഓടിയെത്തിയവരാണ് ഈ ജനക്കൂട്ടം. 9 മണിക്ക് തുടങ്ങിയ പൊതു ദർശനത്തിന്റെ അവസാന മണിക്കൂറുകളിൽ ജനതിരക്കേറി.

 

ഉറ്റ സുഹൃത്തിന്റെ മൃതദേഹത്തിന് അരികിൽ കണ്ണുനിറഞ്ഞു നിന്നു, ലാൽ. സിദ്ധിഖ്- ലാൽ കൂട്ടുകെട്ടിൽ പിറന്ന ചിരിപടങ്ങൾ കണ്ട് മതി മറന്നു ചിരിച്ചവർക്ക് നൊമ്പരക്കാഴ്ചയായി ലാലിന്റെ ആ നിൽപ്പ്. കലാഭവൻ കാലത്ത്, മിമിക്സ് വേദികളിൽ ചിരി അമട്ടുകൾ പൊട്ടിച്ച സുഹൃത്തുക്കളും അവസാന യാത്രയപ്പ് നൽകാൻ എത്തി. മമ്മൂട്ടി, ദിലീപ്, ഫാസിൽ, ലാൽ, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, കമൽ, ജയസൂര്യ, സിബി മലയിൽ,ജയറാം, ജയസൂര്യ, ജനാർദ്ദനൻ, സായി കുമാർ, ബിന്ദു പണിക്കർ, നമ്പി നാരായണൻ, എം കെ സാനു,  ജില്ലാ കളക്ടർ, ചാണ്ടി ഉമ്മൻ അടക്കം സാമൂഹ്യ -സാംസ്കാരിക- സിനിമാ രംഗത്തെ പ്രമുഖരും അന്ത്യോപചാരമർപ്പിച്ചു.

 

Director Siddique funeral completed