ഭൂനിയമഭേദഗതി വരുന്നതോടെ  ശാന്തന്‍പാറയിലെ  സിപിഎം ഓഫിസ് നിര്‍മാണം സാധൂകരിക്കപ്പെടുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ്. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കോടതി ഉത്തരവെന്നും ഇത് നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഹൈക്കോടതി നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ശാന്തന്‍പാറയിലെ ഏരിയ കമ്മിറ്റി ഓഫിസിന്റെ നിര്‍മാണം രാത്രിയിലും തുടര്‍ന്നു. പുലര്‍ച്ചെ നാലുമണിയോടെയാണ് ജോലികള്‍ അവസാനിപ്പിച്ചത്. ശാന്തന്‍പാറയ്ക്ക് പുറമേ ഉടുമ്പൻ ചോല, ബൈസൺ വാലി ഏരിയ കമ്മിറ്റികളുടെയും ഓഫീസ് കെട്ടിട നിര്‍മാണം നിർത്തിവെക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഹൈക്കോടതി നിർദ്ദേശത്തിന്റെ രേഖകൾ ലഭിച്ചിട്ടില്ലെന്ന സാങ്കേതികത്വം പറഞ്ഞാണ് രാത്രിയിൽ തിരക്കിട്ട് നിർമ്മാണം പൂർത്തിയാക്കാൻ ശ്രമിച്ചത്. വാതിലുകളും ഫർണിച്ചറുകളും പിടിപ്പിച്ച് രണ്ടാം നിലയിൽ ഓഫീസ് മാത്രം സജ്ജമാക്കി എന്നാണ് സൂചന. പണി നിർത്തിവെപ്പിക്കാൻ പൊലീസിനും കോടതി നിർദ്ദേശം നൽകിയിരുന്നുവെങ്കിലും പൊലീസിന്റെ ഒരിടപെടലും ഉണ്ടായിരുന്നില്ല.

 

 

CPM Idukki district secretary CV Varghese on High Court verdict