കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐസിയു പീഡനക്കേസില്‍ അതിജീവിതയെ ഭീഷണിപ്പെടുത്തിയ അഞ്ച് പേരുടെ സസ്പെന്‍ഷന്‍ നീട്ടി. മൂന്നുമാസത്തേക്കാണ് സസ്പെന്‍ഷന്‍ നീട്ടിയത്. ജീവനക്കാരായ എന്‍.കെ. ആസ്യ, ഷൈനി ജോസ്, പി.ഇ. ഷൈമ, വി. ഷലൂജ, പ്രസീത മനോളി എന്നിവര്‍ക്കെതിരെയാണ് നടപടി . ആറ് മാസത്തേക്കായിരുന്നു നേരത്തെ ഇവരെ സസ്പെന്‍ഡ് ചെയ്തിരുന്നത്. പ്രതിയായ അറ്റന്‍ഡര്‍ ശശീന്ദ്രന് വേണ്ടി അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സസ്പെന്‍ഷനുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി ഡിഎംഇ സര്‍ക്കാരിലേയ്ക്ക് അയച്ചതാണ്. ഇതിന്മേല്‍ മറുപടി വരാത്ത പശ്ചാത്തലത്തിലാണ് സസ്പെന്‍ഷന്‍ നീട്ടിയത്. കഴിഞ്ഞ മേയ് 31ന് ജീവനക്കാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചത് വിവാദമായിരുന്നു. പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് നടപടി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.