തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ വസതിയെ ചൊല്ലി ആം ആദ്മി പാര്‍ട്ടി ബി.ജെ.പി പോര്. ഔദ്യോഗിക വസതിയില്‍നിന്ന് തന്നെ പുറത്താക്കിയെന്നാണ് മുഖ്യമന്ത്രി അതിഷിയുടെ ആരോപണം. അഴിമതി ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ അതിഷി കള്ളം പറയുന്നുവെന്നാണ് ബി.ജെ.പിയുടെ മറുപടി.
ഡല്‍ഹിയില്‍ നിരന്തരം ഏറ്റുമുട്ടലിലാണ് ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പിയും. വിഷയങ്ങള്‍ മാറുമെന്നുമാത്രം. നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ പുതിയ വിവാദത്തിന് തുടക്കമിട്ടത് മുഖ്യമന്ത്രി തന്നെ. തനിക്ക് ഔദ്യോഗിക വസതി അനുവദിച്ച ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയെന്നാണ് ആരോപണം. മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് തന്നെയും കുടുംബത്തെയും പുറത്താക്കുന്നതും സാധനങ്ങള്‍ പുറത്തെറിയുന്നതെന്നും അതിഷി പറയുന്നു.
ദിവസങ്ങള്‍ക്കുമുമ്പുവരെ അരവിന്ദ് കേജ്രിവാള്‍ താമസിച്ചിരുന്ന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഷീഷ് മഹല്‍ അതിഷിക്കായി അനുവദിച്ചെങ്കിലും അവര്‍ താമസം തുടങ്ങിയിരുന്നില്ലെന്നാണ് ബി.ജെ.പിയുടെ പ്രതികരണം. അരവിന്ദ് കേജ്രിവാളിന്‍റെ അനിഷ്ടം ഭയന്നാണിതെന്നും ബി.ജെ.പി ആരോപിക്കുന്നു. മറ്റ് രണ്ട് ബംഗ്ലാവുകൾ കൂടി അതിഷിക്ക് വാഗ്ദാനം ചെയ്ത പൊതുമരാമത്ത് വകുപ്പിന്‍റെ കത്തും ബി.ജെ.പി നേതാവ് അമിത മാളവ്യ പുറത്തുവിട്ടു. അരവിന്ദ് കേജ്രിവാള്‍ മുഖ്യമന്ത്രിയായിരിക്ക 33 കോടി രൂപ ചെലവിട്ട് വസതി മോടിപിടിപ്പിച്ചെന്ന സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവന്നതിനുപിന്നാലെയാണ് വസതിയെ ചൊല്ലിയുള്ള പുതിയ വിവാദം.