നേപ്പാളില്‍ ശക്തമായ ഭൂചലനത്തില്‍ 132 മരണം. നൂറുകണക്കിനാളുകള്‍ക്ക് പരുക്കേറ്റു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്ത്യയിലും പ്രകമ്പനം അനുഭവപ്പെട്ടു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ഇന്നലെ രാത്രി 11.40 നാണ് കാഠ്മണ്ഡുവില്‍നിന്ന് 500 കിലോമീറ്റര്‍ അകലെ ജജാര്‍കോട്ടില്‍ ഭൂചലനമുണ്ടായത്. 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വീടുകളടക്കം ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. ആളുകള്‍ ഉറങ്ങിക്കിടക്കുകയായിരുന്നതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി ഏറി. കെട്ടിടങ്ങള്‍ക്കിടയില്‍ നൂറുകണക്കിന് ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ട്. മലമ്പ്രദേശമായതിനാലും റോഡുകളടക്കം ഗതാഗത സംവിധാനങ്ങള്‍ തകര്‍ന്നതിനാലും പലമേഖലകളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെ എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല.
വൈദ്യുതി തടസപ്പെട്ടതും ടെലിഫോണ്‍ അടക്കം വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകര്‍ന്നതും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ജജാര്‍കോട്ട് മേഖലയില്‍ രണ്ടുലക്ഷത്തോളം പേര്‍ താമസിക്കുന്നുണ്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ പറഞ്ഞു. പ്രധാനമന്ത്രി പുഷ്പകമാല്‍ ദഹല്‍ നേരിട്ടെത്തിയാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. സൈന്യവും രംഗത്തിറങ്ങി. ഡല്‍ഹിയിലും നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം ബിഹാറിലെ പട്ന എന്നിവിടങ്ങളിലും പ്രകമ്പനമുണ്ടായി,. ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സാധ്യമായ എല്ലാ സഹായങ്ങളും നേപ്പാളിന് നല്‍കുമെന്ന് വ്യകതമാക്കി,