2011 ലെ ഭൂചലനത്തെ തുടര്‍ന്ന് ജപ്പാനില്‍ വീശിയടിച്ച സുനാമിത്തിരകള്‍ (ഫയല്‍ ചിത്രം/എപി)

2011 ലെ ഭൂചലനത്തെ തുടര്‍ന്ന് ജപ്പാനില്‍ വീശിയടിച്ച സുനാമിത്തിരകള്‍ (ഫയല്‍ ചിത്രം/എപി)

TOPICS COVERED

ലോകത്തിലെ ഏറ്റവും വലിയ ഭൂകമ്പ സാധ്യതാ മേഖലകളില്‍ ഒന്നാണ് ജപ്പാന്‍. ഇപ്പോളിതാ വളരെക്കാലമായി ജപ്പാന്‍ ഭയപ്പെട്ടിരുന്ന വിനാശകരമായ ഒരു ‘മെഗാ’ ഭൂചലനത്തിന്‍റെ മുന്നറിയിപ്പും പുറത്തുവന്നിരിക്കുകയാണ്. വിനാശകരമായ സുനാമികൾ സൃഷ്ടിക്കാനും മൂന്ന് ലക്ഷം പേരുടെ ജീവന്‍ അപഹരിക്കാനും പോന്ന സംഹാരശേഷിയായിരിക്കും ഈ ഭൂചലനത്തിന് എന്നാണ് ജാപ്പനീസ് സർക്കാർ പുറത്തുവിട്ട റിപ്പോർട്ടില്‍ മുന്നറിയിപ്പ് നൽകുന്നത്.

tsunami-japan-2011

ജപ്പാനില്‍ 2011 ലുണ്ടായ ഭൂചനം (ഫയല്‍ ചിത്രം/എപി)

2,000 പേർ കൊല്ലപ്പെടുകയും 3400 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത മ്യാൻമറിലെ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെയാണ് ജപ്പാനില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ജപ്പാന്‍റെ പസഫിക് തീരത്തെ നന്‍കായി ട്രഫില്‍ വിനാശകരമായ ഒരു ഭൂചലനം കാലങ്ങളായി ജപ്പാന്‍ പ്രതീക്ഷിക്കുന്നതും ഭയപ്പെടുന്നതുമാണ്. ശരാശരി 100 മുതൽ 150 വർഷത്തിലൊരിക്കൽ ഈ പ്രദേശത്ത് വലിയ ഭൂകമ്പങ്ങൾ ഉണ്ടാകാറുണ്ടെന്ന് മുന്‍ കാലങ്ങളില്‍ നിന്നുള്ള ഡാറ്റ സൂചിപ്പിക്കുന്നു. ശക്തമായ ഭൂകമ്പത്തിനും സുനാമിക്കും സാധ്യതയുള്ളതും 8 അല്ലെങ്കിൽ 9 തീവ്രതയുള്ള ഭൂകമ്പങ്ങൾ ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ പ്രദേശമാണിത്.

റിപ്പോര്‍ട്ടില്‍ പറയുന്നത്

റിക്ടർ സ്കെയിലിൽ 9 തീവ്രതയുള്ള ഭൂകമ്പം ഉണ്ടാകാൻ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദുരന്തമുണ്ടായാല്‍ 1.23 ദശലക്ഷം പേർ (ജപ്പാന്‍റെ മൊത്തം ജനസംഖ്യയുടെ 1%) കുടിയൊഴിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. ശൈത്യകാലത്ത് രാത്രി വൈകി ഭൂകമ്പം ഉണ്ടായാൽ ദുരന്തം പ്രതീക്ഷിച്ചതിലും വലുതായിരിക്കും. കെട്ടിടങ്ങള്‍ തകരും സുനാമിയുണ്ടാകും ഏകദേശം 298,000 പേർ വരെ മരിക്കാമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് സൂചിപ്പിക്കുന്നു. കൂടാതെ ജപ്പാന്‍റെ സമ്പദ്‌വ്യവസ്ഥയെയും ഇത് തകര്‍ക്കും. 1.81 ട്രില്യൺ ഡോളർ വരെ നഷ്ടമുണ്ടാകുമെന്നാണ് സർക്കാർ റിപ്പോർട്ട്.

2013ലെ ജാപ്പനീസ് സർക്കാരിന്‍റെ  ദുരന്ത നിവാരണ സംഘത്തിന്‍റെ മുന്നറിയിപ്പില്‍ നാന്‍കായി ട്രഫില്‍ 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായാൽ മിനിറ്റുകൾക്കുള്ളിൽ 10 മീറ്ററിൽ (33 അടി) ഉയരത്തിൽ സുനാമിക്ക് കാരണമാകുമെന്ന് പറയുന്നു. ഇത് ജപ്പാന്‍റെ  പസഫിക് തീരത്ത് ആഞ്ഞടിക്കും 323,000 വരെ ജീവന്‍ അപഹരിക്കുകയും 2 ദശലക്ഷത്തിലധികം കെട്ടിടങ്ങളുടെ നാശത്തിനും 220 ട്രില്യൺ യെൻ വരെ നഷ്ടത്തിനും കാരണമായേക്കാമെന്നും മുന്നറിയിപ്പിലുണ്ട്. 

നാന്‍കായി ട്രഫ്

nankai-trough

Google Map

ഏകദേശം 900 കിലോമീറ്റർ നീളമുള്ള ഒരു അണ്ടർവാട്ടർ സബ്ഡക്ഷൻ സോണാണ് നാന്‍കായി ട്രഫ്. ഇതിനു താഴെ യുറേഷ്യൻ ഫലകം ഫിലിപ്പൈൻ കടൽ ഫലകവുമായി കൂട്ടിയിടിക്കുന്നു. ഈ കൂട്ടിയിടി ഫിലിപ്പൈൻ കടൽ ഫലകത്തെ യുറേഷ്യൻ പ്ലേറ്റിനടിയിലേക്കും ഭൂമിയുടെ ആവരണത്തിലേക്കും തള്ളിവിടുന്നു. സബ്ഡക്ഷൻ സോണിനുള്ളിലെ ഫോൾട്ടുകളിൽ സമ്മർദ്ദം വർദ്ധിക്കുന്നു. ലോക്ക് ചെയ്ത ഫോൾട്ട് തെന്നിമാറുമ്പോളാണ് വിനാശകരമായ മെഗാ ഭൂചലനം സംഭവിക്കുന്നത്. സാധാരണയായി ജോഡികളായാണ് നാന്‍കായി ട്രഫിലെ ഭൂചലനങ്ങള്‍ സംഭവിക്കാറുള്ളത്. ആദ്യ ഭൂചലനം ഉണ്ടായാല്‍ രണ്ടാമത്തേത് രണ്ട് വർഷത്തിനുള്ളിൽ സംഭവിക്കുന്നു. രണ്ടാമത്തെ ഭൂചലന സാധ്യത 100 മുതൽ 3,600 മടങ്ങ് വരെ വർദ്ധിക്കുമെന്നാണ് പഠനങ്ങള്‍. 

fukushima-japan

2011 ലെ ഭൂചലനത്തെയും സുനാമിയെയും തുടര്‍ന്നുണ്ടായ ഫുക്കുഷിമ ആണവ ദുരന്തം (File- Reuters)

1944 ലും 1946 ലും ഇത്തരത്തില്‍ ഇരട്ട ഭൂകമ്പങ്ങളുണ്ടായിട്ടുണ്ട്. 2022 ൽ, ജപ്പാനിലെ ഭൂകമ്പ ഗവേഷണ സമിതി അടുത്ത 30 വർഷത്തിനുള്ളിൽ ഒരു മെഗാഭൂകമ്പം ഉണ്ടാകാനുള്ള സാധ്യത 70 മുതല്‍ 80% വരെയാണെന്ന് പ്രവചിച്ചിരുന്നു. 2024 ഓഗസ്റ്റ് 8 ന്, ദക്ഷിണ ജപ്പാനിൽ 7.1 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായതിന് പിന്നാലയാണ് രാജ്യത്ത് മെഗാ ഭൂചലനത്തിനുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. 9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്നാണ് അന്ന് പ്രവചിക്കപ്പെട്ടത്. 2011 ൽ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ജപ്പാനില്‍ വിനാശകരമായ സുനാമിക്ക് കാരണമായിരുന്നു. ഫലമായി ഫുക്കുഷിമ ആണവ നിലയത്തിലെ ട്രിപ്പിൾ റിയാക്ടർ ഉരുകി 15,000 ത്തിലധികം ആളുകളാണ് അന്ന് കൊല്ലപ്പെട്ടത്.

ഭൂചലനങ്ങളുടെയും സുനാമികളുടെയും ഇടയിലെ ജപ്പാന്‍

നാല് പ്രധാന ടെക്റ്റോണിക് പ്ലേറ്റുകൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന രാജ്യമാണ് ജപ്പാന്‍ എന്നോര്‍ക്കുക. ലോകത്തിലെ ഏറ്റവും വലിയ ഭൂകമ്പ– സുനാമി സാധ്യതാ പ്രദേശം. ലോകമെമ്പാടും സംഭവിക്കുന്ന ഭൂകമ്പങ്ങളുടെ 18% ത്തിലധികവും ജപ്പാനിലും സമീപ പ്രദേശങ്ങളിലുമാണെന്ന് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്‌മോളജി ആൻഡ് എർത്ത്‌ക്വേക്ക് എന്‍ജിനീയറിങ്ങിലെ സീസ്‌മോളജിസ്റ്റ് സെയ്‌കോ കിറ്റ പറയുന്നു. ജപ്പാനിൽ എല്ലാ വർഷവും ഏകദേശം 1,500 ഭൂചലനങ്ങള്‍ ഉണ്ടാകാറുണ്ടത്രേ! കൂടാതെ, ഓരോ അഞ്ച് മിനിറ്റിലും, രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള ഭൗമചലനങ്ങള്‍  രേഖപ്പെടുത്തപ്പെടുന്നുമുണ്ട്. കൂടാതെ 400-ലധികം സജീവ അഗ്നിപർവ്വതങ്ങളുള്ള പസഫിക് സമുദ്രത്തിലെ 'റിങ് ഓഫ് ഫയർ' എന്ന് വിളിക്കപ്പെടുന്ന മേഖലയും ജപ്പാനിലൂടെയും കടന്നുപോകുന്നു.

boat-japan-tsunami

AFP PHOTO / YOMIURI SHIMBUN ALTERNATIVE CROP

ഭൂകമ്പം ലോകത്ത് എവിടെയും എപ്പോഴും ഉണ്ടാകും എന്ന് മുൻകൂട്ടി പ്രവചിക്കാനുള്ള സാങ്കേതിക വിദ്യ  ഇന്നും ലഭ്യമല്ല. എങ്കിലും ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ ഉയർന്ന അപകടസാധ്യതയുള്ള സമയം തിരിച്ചറിഞ്ഞ് മുന്നറിയിപ്പുകള്‍ നല്‍കാനുള്ള സാങ്കേതിക വിദ്യകൾ ജപ്പാനില്‍ അടക്കം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ സർക്കാർ പുറപ്പെടുവിക്കുന്ന ഓരോ പുതിയ വിവരങ്ങളും ശ്രദ്ധാപൂർവ്വം നിരീക്ഷിക്കാനും തയ്യാറായിരിക്കാനും ഭൂകമ്പമുണ്ടായാൽ ഉടൻ ഒഴിഞ്ഞുമാറാൻ തയ്യാറാകാനുമാണ് ജാപ്പനീസ് സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെടുന്നത്. 

ENGLISH SUMMARY:

Japan is one of the world's most earthquake-prone regions. Now, a long-feared "mega" earthquake warning has been issued, raising concerns of catastrophic consequences. According to a Japanese government report, the earthquake could generate devastating tsunamis and claim up to 300,000 lives. This warning comes shortly after a 7.7-magnitude earthquake struck Myanmar, killing 2,000 people and injuring 3,400. Japan has long anticipated and feared a massive earthquake along the Nankai Trough off its Pacific coast. Historical data suggests that major earthquakes occur in this region every 100 to 150 years. Experts warn that the area could experience earthquakes of magnitude 8 or 9, posing a significant threat of destruction and tsunamis.