അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ഭരണകക്ഷിയെ മാറ്റുന്ന പാരമ്പര്യം മിസോറം ഇക്കുറി കയ്യൊഴിയുമോ? കഴിഞ്ഞ തവണ കോണ്‍ഗ്രസിനെ തറപറ്റിച്ച് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ മിസോ നാഷണല്‍ ഫ്രണ്ട് ഇത്തവണ അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞേക്കില്ലെന്ന് മനോരമന്യൂസ്–വി.എം.ആര്‍ സര്‍വേ ഫലം. എന്നാല്‍ കോണ്‍ഗ്രസ് കേവലഭൂരിപക്ഷം നേടുന്ന ലക്ഷണവും ഇല്ല. നാല്‍പ്പതംഗ നിയമസഭയില്‍ 11 മുതല്‍ 15 വരെ സീറ്റുകളാണ് എംഎന്‍എഫിന് പ്രവചിക്കുന്നത്. 12 മുതല്‍ 16 സീറ്റ് വരെയാണ് കോണ്‍ഗ്രസിന്റെ സാധ്യത. 10 മുതല്‍ 14 വരെ സീറ്റുകള്‍ നേടുമെന്ന് കരുതുന്ന സൊറാം പീപ്പിൾസ് മൂവ്മെന്റ് ആണ് രണ്ട് പാര്‍ട്ടികള്‍ക്കും വിലങ്ങുതടിയാകുന്നത്. ബിജെപി ഒന്നോ രണ്ടോ സീറ്റ് നേടുമെന്നും പ്രീ പോള്‍ സര്‍വേ പറയുന്നു.
ആകെയുള്ള 40 സീറ്റില്‍ 14 എണ്ണം കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് സര്‍വേയുടെ അന്തിമഫലം. എം.എന്‍.എഫിന് 13, സെഡ്.പി.എമ്മിന് 12 സീറ്റ് എന്നിങ്ങനെയാണ് പ്രവചനം. ബിജെപിക്ക് ഒരു സീറ്റും.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 27 സീറ്റ് നേടിയാണ് മിസോ നാഷണല്‍ ഫ്രണ്ട് അധികാരത്തിലെത്തിയത്. ഭരണത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് നാല് സീറ്റിലൊതുങ്ങി. സൊറാം പീപ്പിൾസ് മൂവ്മെന്റിന് എട്ടുസീറ്റ് ലഭിച്ചു. ബിജെപിക്ക് ഒരംഗത്തെ മാത്രമേ ജയിപ്പിക്കാനായുള്ളു.
2018ല്‍ പോള്‍ ചെയ്ത വോട്ടിന്റെ 37.7 ശതമാനം നേടിയാണ് എം.എന്‍.എഫ് അധികാരത്തിലെത്തിയത്. കോണ്‍ഗ്രസിന് 29.9 ശതമാനം വോട്ട് ലഭിച്ചു. 11.9 ശതമാനം വോട്ട് നേടി സെഡ്.പി.എം കരുത്തറിയിച്ചു. ബിജെപിക്ക് എട്ടും മറ്റുള്ളവര്‍ക്ക് 1.5 ശതമാനവും വോട്ട് കിട്ടി.
എന്നാല്‍ ഇക്കുറി എം.എന്‍.എഫിന് കനത്ത നഷ്ടവും കോണ്‍ഗ്രസിനും സെഡ്.പി.എമ്മിനും നേട്ടവുമാണ് പ്രീ പോള്‍ സര്‍വേ പ്രവചിക്കുന്നത്. എം.എന്‍.എഫിന്റെ വോട്ട് വിഹിതം 30.5 ശതമാനമായി കുറഞ്ഞേക്കും. കോണ്‍ഗ്രസിന്റെ വോട്ട് 31.1 ശതമാനമായും സെഡ്.പി.എമ്മിന്റേത് 27.1 ശതമാനമായും ഉയരാനാണ് സാധ്യത. ബിജെപിക്ക് വോട്ട് കുറയും. 7.7 ശതമാനമാണ് പ്രതീക്ഷിക്കുന്ന വിഹിതം. മറ്റുള്ളവര്‍ക്ക് 3.6 ശതമാനം വോട്ടും പ്രവചിക്കുന്നു.
കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് വലിയ തടസം സൊറാം പീപ്പിൾസ് മൂവ്മെന്റ് ആയിരിക്കുമെന്നാണ് വോട്ട് വിഹിതത്തിലെ വ്യത്യാസം തെളിയിക്കുന്നത്. കോണ്‍ഗ്രസിന്റെ വോട്ടില്‍ 1.2 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തുമ്പോള്‍ സെഡ്.പി.എമ്മിന് 4.2 ശതമാനമാണ് വളര്‍ച്ച. എം.എന്‍.എഫിന്റെ വോട്ടില്‍ 7.2 ശതമാനം ഇടിവുണ്ടായേക്കും. ബിജെപിക്ക് 0.3 ശതമാനത്തിന്റെ കുറവും മറ്റുള്ളവരുടെ വോട്ടില്‍ 2.1 ശതമാനത്തിന്റെ വര്‍ധനയും സര്‍വേ പ്രവചിക്കുന്നു.
Manorama News VMR Opinion Poll Predicts Hung Assembly In Mizoram. Neck And Neck Fight Between Congress, MNF and ZPM