നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ കസ്റ്റംസിന്റ കടുത്ത നടപടി. മുൻ നയതന്ത്ര ഉദ്യോഗസ്ഥരടക്കം 44 പ്രതികൾക്കെതിരെ 66.60 കോടി രൂപ പിഴ ചുമത്തി. പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ ഉത്തരവിട്ടു.
2020 ജൂലൈ 5ന് തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്സില്‍നിന്ന് 14.82 കോടിരൂപയുടെ 30.245 കിലോ സ്വര്‍ണം പിടിച്ച കേസിലാണ് കസ്റ്റംസ് കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത്. സ്വപ്ന സുരേഷ്, സന്ദീപ്, സരിത്, റമീസ് എന്നിവർക്ക് ആറ് കോടി രൂപ വീതം പിഴ ചുമത്തി. മുൻ യുഎഇ കോൺസുൽ ജനറലിനും അറ്റാഷെയ്ക്കും ആറ് കോടി രൂപ വീതം പിഴയിട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് അൻപത് ലക്ഷം രൂപ പിഴ വിധിച്ചു. നയതന്ത്ര സ്വർണകള്ളക്കടത്തിൽ എം. ശിവശങ്കറും പങ്കാളിയെന്ന് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറുടെ ഉത്തരവിലുണ്ട്.
സ്വപ്ന എല്ലാ കാര്യങ്ങളും ശിവശങ്കറുമായി പങ്കുവെച്ചിരുന്നു. സ്വപ്നയുമായി ശിവശങ്കറിന് സാമ്പത്തിക ഇടപാടുകളുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കറിന് പ്രതികളുടെ ഇടപാടുകൾ തിരിച്ചറിയാൻ മാർഗങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് കള്ളക്കടത്ത് സംബന്ധിച്ച് അറിവില്ലായിരുന്നുവെന്ന മൊഴി മുഖവിലയ്ക്കെടുക്കാനാവില്ലെന്നാണ് കസ്റ്റംസിന്റെ നിലപാട്. മുൻ യുഎഇ കോൺസുൽ ജനറൽ ജമാൽ ഹുസൈൻ അൽസാബിയുടെ ഒത്താശയോടെ 95 കിലോ സ്വർണം കടത്തി. മുൻ അറ്റാഷെ റാഷിദ് ഖാമിസ് അൽ അസ്മിയയുടെ നേതൃത്വത്തിൽ 41കിലോ സ്വർണം കടത്തി. കടത്തിന് ഓരോത്തവണയും കമ്മിഷൻ കൈപറ്റിയെന്നും രണ്ട് പേരും സ്വർണക്കടത്തിൽ സജീവ പങ്കാളികളെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണം പിടിച്ച കേസിലെ കസ്റ്റംസ് നടപടിക്രമത്തിന്റെ ഭാഗമായാണ് ഉത്തരവ്.
Customs order on smuggling of gold through diplomatic baggage