mohan-yadav-mp-cm
  • എബിവിപിയിലൂടെ രാഷ്ടീയ പ്രവര്‍ത്തനമാരംഭിച്ചു
  • മൂന്നുതവണ എംഎല്‍എ
  • ജഗ്ദീവ് ദേവ്റയും രാജേഷ് ശുക്ലയും ഉപമുഖ്യമന്ത്രിമാര്‍

ഉജ്ജയിനിലെ പ്രബല ഒബിസി നേതാവ് മോഹന്‍ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രിയാകും. രണ്ടു പതിറ്റാണ്ടോളം നീണ്ട ശിവ്‍രാജ് സിങ് ചൗഹാന്‍ യുഗത്തിന് അന്ത്യമായി. മുന്‍കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍ നിയമസഭാ സ്പീക്കറായേക്കും. സാമുദായിക സമവാക്യങ്ങള്‍ കണക്കിലെടുത്ത് ജഗ്ദീഷ് ദേവ്റയും രാജേഷ് ശുക്ലയും ഉപമുഖ്യമന്ത്രിമാരാകും. രാജസ്ഥാനിലെ മുഖ്യമന്ത്രിയെ നാളെ അറിയാം. 

ശിവ്‍രാജ് സിങ് ചൗഹാന് അ‍ഞ്ചാം ഉൗഴമില്ല. അഭ്യൂഹങ്ങളെല്ലാം അസ്ഥാനത്താക്കി മുഖ്യമന്ത്രി പദവിയിലേയ്ക്ക് മോഹന്‍ യാദവിന്‍റെ സര്‍പ്രൈസ് എന്‍ട്രി. ഭോപ്പാലില്‍ നടന്ന നിയമസഭാ കക്ഷി യോഗത്തിന്‍റെ ഗ്രൂപ്പ് ഫോട്ടോയില്‍ പോലും പിന്‍നിരയിലായിരുന്നു മോഹന്‍ യാദവിന്‍റെ സ്ഥാനം. ദേശീയ നേതൃത്വം നിയോഗിച്ച നിരീക്ഷകരായ മനോഹര്‍ ലാല്‍ ഖട്ടറും കെ ലക്ഷ്ണും ആശ ലാക്റയും ബിജെപി എംഎല്‍എമാരുമായി ആശയവിനിമയം നടത്തി. ഒബിസി വിഭാഗത്തില്‍ നിന്നുള്ള ചൗഹാന് അതേ വിഭാഗത്തില്‍ നിന്ന് തന്നെ പകരക്കാരന്‍. പ്രതിപക്ഷത്തിന്‍റെ ഒബിസി രാഷ്ട്രീയത്തിനും ചെക്ക് മേറ്റ്. ദക്ഷിണ ഉജ്ജയിനില്‍ നിന്നുള്ള എംഎല്‍എയാണ് മോഹന്‍ യാദവ്. എബിവിപിയിലൂടെ സാമൂഹികപ്രവര്‍ത്തന രംഗത്ത്. ആര്‍എസ്എസിന്‍റെ അകമഴിഞ്ഞ പിന്തുണ. 2013ല്‍ ആദ്യമായി നിയമസഭയില്‍. 2020 ജൂലൈ 2ന് ശിവ്‍രാജ് സിങ് ചൗഹാന്‍ മന്ത്രിസഭയില്‍ അംഗമായി. ഉന്നതവിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തു. 

മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ ബിജെപി അധികാരം നിലനിര്‍ത്തിയപ്പോള്‍ അതില്‍ നിര്‍ണായക പങ്കുവഹിച്ച ശിവ്‍രാജ് സിങ് ചൗഹാന് ഒരവസരം കൂടി ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാമൂഹികക്ഷേമ പദ്ധതികളിലൂടെ നേടിയ ജനപിന്തുണ ചൗഹാന്‍റെ പ്ലസ് പോയിന്‍റായിരുന്നു. എന്നാല്‍ മധ്യപ്രദേശില്‍ ഒരു ഉടച്ചുവാര്‍ക്കലിനാണ് മോദി–അമിത് ഷാ ദ്വയം തീരുമാനിച്ചത്. ചൗഹാനെ പിന്തുണയ്ക്കുന്നവര്‍ നിയമസഭാ കക്ഷി യോഗത്തിന് മുന്‍പ് മുദ്രാവാക്യം വിളിച്ചിരുന്നു. മോഹന്‍ യാദവിനെ അധികാരമേല്‍പ്പിക്കുന്നത് ഹരിയാന, യുപി, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലും സാമുദിയകമായി ചലനമുണ്ടാക്കും. 

Mohan Yadav becomes the new Chief Minister of Madhya Pradesh