ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

 

കാസർകോട് ജില്ലയിൽ നവകേരള സദസ്സ് പൂർത്തിയായി 45 ദിവസം കഴിഞ്ഞിട്ടും പരിഹാരമായത് അമ്പത് ശതമാനത്തിൽ താഴെ പരാതികളിൽ മാത്രം. ജില്ലയിൽ ലഭിച്ച 14,704 പരാതികളിൽ 5,917 എണ്ണത്തിൽ മാത്രമാണ് ഇതുവരെ പരിഹാരമായത്. അഞ്ചാം തീയതിക്കുള്ളില്‍ മുഴുവൻ പരാതികളും തീർപ്പാക്കണമെന്ന് ജില്ലാ കലക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. 45 ദിവസത്തിനുള്ളിൽ പരാതികള്‍ക്ക് പരിഹാരം, നവകേരള സദസ്സ് തുടങ്ങുമ്പോൾ സര്‍ക്കാരിന്‍റെ വാഗ്ദാനം. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള യാത്രയിലുടനീളം ഇതാവർത്തിച്ചു. 

 

അങ്ങനെയെങ്കിൽ കാസർകോട് ജില്ലയിലെ പരാതികളെല്ലാം പരിഹരിക്കേണ്ട സമയം കഴിഞ്ഞു. ജില്ലയിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ലഭിച്ചത് 14,704 പരാതികൾ. പരിഹരിച്ചത് 5917 എണ്ണം മാത്രം. അതായത് ആകെ പരാതികളുടെ 50 ശതമാനത്തിൽ താഴെ. മണ്ഡലം തിരിച്ചുള്ള കണക്ക് ഇങ്ങനെ. മഞ്ചേശ്വരം മണ്ഡലത്തിലെ പരാതികൾ 2005. പരിഹാരമായത് 687. കാസർകോട് 3477 പരിഹരിച്ചത് 1177. ഉദുമയിൽ 3744, കാഞ്ഞങ്ങാട് 2892,തൃക്കരിപ്പൂർ 2590 പരാതികൾ . 

 

എന്നാൽ ഇതുവരെ പരിഹാരമായത് യഥാക്രമം 1636, 1216, 1201 എണ്ണത്തിൽ മാത്രം. പരാതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായുള്ള മറുപടിയും,ആവശ്യപ്പെട്ട കാര്യങ്ങള്‍ പദ്ധതികളിൽ ഉൾപ്പെടുത്താൻ സര്‍ക്കാരിനോട് നിർദേശിക്കാമെന്ന മറുപടിയുമൊക്കെ പരിഹാര പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 4715 പരാതികൾ അന്തിമ ഘട്ടത്തിലാണെന്നും 4072 പരാതികൾ വിവിധ വകുപ്പുകളുടെ പരിഗണനയിലാണെന്നുമാണ് വിശദീകരണം.

 

Navakerala sadas kasaragod complaints