brahmagiri-society-2

വയനാട് ബ്രഹ്മഗിരി സൊസൈറ്റിയിലെ നിക്ഷേപകര്‍ നവകേരള സദസില്‍ നല്‍കിയ പരാതിയില്‍ തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് ആക്ഷേപം. സര്‍ക്കാരിന്‍റെ നേരിട്ടുള്ള ഇടപെടല്‍ വേണ്ട വിഷയത്തില്‍ നല്‍കിയ പരാതി പൊലീസിന് കൈമാറുകയാണ് ചെയ്തത്. സിവില്‍ വിഷയത്തില്‍ ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കാനാണ് പൊലീസ് നല്‍കിയ നിര്‍ദേശം.

 

നവംബര്‍ 23ന് വയനാട്ടില്‍ നടന്ന നവകേരള സദസിലാണ് ബ്രഹ്മഗിരി ഡെവലപ്മെന്‍റ് സൊസൈറ്റിയിലെ നിക്ഷേപകര്‍ പരാതി നല്‍കിയത്. സാമ്പത്തിക പ്രതിസന്ധിയിലായ സൊസൈറ്റി തങ്ങളുടെ പണം തിരികെ നല്‍കുന്നില്ലെന്നായിരുന്നു പരാതികള്‍. പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് സൊസൈറ്റി ലാഭത്തിലാകണമെങ്കില്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണെന്നിരിക്കെ നിക്ഷേപകരുടെ ദുരവസ്ഥ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരുടെ ശ്രദ്ധയിലെത്തിക്കാനാണ് സദസില്‍ പരാതി നല്‍കിയത്. തുടര്‍നടപടികള്‍ക്ക് പൊലീസിനെ ചുമതലപ്പെടുത്തിയതോടെ നിരാശയിലാണ് നിക്ഷേപകര്‍.

 

നിലവിലെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി മൂന്ന് മുതല്‍ ആറ് മാസം വരെ വേണ്ടിവരുമെന്ന് സൊസൈറ്റിയുടെ സി.ഇ.ഒ. അറിയിച്ചതെന്നാണ് പൊലീസില്‍ നിന്ന് പരാതിക്കാര്‍ക്ക് ലഭിച്ച മറുപടി. നിക്ഷേപകരുടെ മുഴുവന്‍ തുകയും പലിശ സഹിതം തിരികെ നല്‍കുമെന്നും ഉറപ്പുണ്ട്. പരാതിക്ക് സിവില്‍ സ്വഭാവമുള്ളതിനാല്‍ നിക്ഷേപകര്‍ക്ക് കോടതിയെ സമീപിക്കാമെന്നും പൊലീസ് മറുപടിയിലുണ്ട്. പാര്‍ട്ടി – സര്‍ക്കാര്‍ തലങ്ങളില്‍ പരിഹാരം പ്രതീക്ഷിച്ച നിക്ഷേപകര്‍ക്ക് നിരാശപ്പെടേണ്ടി വന്ന സാഹചര്യത്തില്‍ സൊസൈറ്റിക്കെതിരെ ക്രിമിനല്‍ കേസ് നല്‍കാനുള്ള ഒരുക്കത്തിലാണ് ആക്ഷന്‍ കമ്മിറ്റി.

 

Nava kerala sadas wayanad brahmagiri society investor complaints