TAGS

പ്രമുഖ സാഹിത്യകാരി കെ.ബി.ശ്രീദേവി അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. നമ്പൂതിരി സമൂദായത്തിലെ സ്ത്രീജീവിതത്തെക്കുറിച്ച് സാമുദായിക വേലിക്കെട്ടുകളെ മറികടക്കാതെയുള്ള കൃതികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം വൈകീട്ട് നാലിന് തൃപ്പൂണിത്തുറ തുളു ശ്മശാനത്തിലാണ് സംസ്കാരം.

യാഥാസ്ഥിതിക നമ്പൂതിരി സ്ത്രീജീവിതത്തിന്റെ പരിമിതികൾക്കുള്ളിൽനിന്ന് എഴുതിത്തെളിഞ്ഞ സാഹിത്യകാരിയാണ് കെ.ബി.ശ്രീദേവി. സാമുദായിക ചട്ടക്കൂടുകള്‍മൂലം തുടര്‍പഠനം അവസാനിപ്പിക്കേണ്ടിവന്ന കൗമാരക്കാരിയുടെ നിരാശയും അമര്‍ഷവുമായിരുന്നു ആദ്യകാല കൃതികളുടെ പ്രചോദനം. എഴുതിയതത്രയും ആരും കാണാതെ പെട്ടിക്കുള്ളില്‍ അടച്ചുവച്ചു. ‘യുഗാന്തരങ്ങളിലൂടെ’ എന്നകഥയാണ് ആദ്യം പ്രസിദ്ധീകരിച്ചത്. പതിനാറാം വയസില്‍ വിവാഹിതയായി. 1960 ല്‍ സ്ത്രീകളുടെ ഉന്നമനത്തിനായി മഹിളാസമാജം സ്ഥാപിച്ചു. കുട്ടികൾക്കുവേണ്ടി ഒരു ബാലസമാജവും അവർ രൂപീകരിച്ചു. മക്കളുടെ വിദ്യാഭ്യാസത്തിനായി തൃശൂരിലേക്കു താമസം മാറ്റിയതോടെ ശ്രീദേവിയുടെ രചനാജീവിതം സജീവമായി. 

സാഹിത്യ അക്കാദമിയിലെ സന്ദർശനങ്ങളും പ്രമുഖരെ പരിചയപ്പെടാനായതും ശ്രീദേവിയുടെ എഴുത്തിനെ പരിപോഷിപ്പിച്ചു. യ‍ജ്ഞം, അഗ്നിഹോത്രം, മൂന്നാം തലമുറ, ദശരഥം എന്നിവയാണ് ശ്രീദേവിയുടെ പ്രധാന കൃതികൾ. യജ്ഞത്തിന് 1974ലെ കുങ്കുമം അവാർഡും, നിറമാല എന്ന കൃതിയുടെ ചലച്ചിത്ര ആവിഷ്കാരത്തിന് കഥയ്ക്കും തിരക്കഥയ്ക്കുമുള്ള 1975ലെ സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചു. കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനാ പുരസ്കാരമുള്‍പ്പടെ ലഭിച്ചിട്ടുണ്ട്.

Novelist KB Sreedevi passes away