• ബിജെപി രാഷ്ട്രീയ പരിപാടിയാക്കിയെന്ന് വിമര്‍ശനം
  • ബട്ടദ്രവ സത്രം സന്ദര്‍ശിക്കാന്‍ രാഹുല്‍
  • സര്‍വമത റാലിയുമായി മമത
  • ഹനുമാന്‍ ചാലിസ, സുന്ദര കാണ്ഡം വായനയുമായി എഎപി

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങ് ബിജെപി രാഷ്ട്രീയപരിപാടിയാക്കിയെന്ന് വിമര്‍ശിച്ച് പ്രതിപക്ഷം വിട്ടുനില്‍ക്കുകയാണ്. ചടങ്ങിലേക്ക് ക്ഷണം ലഭിച്ചെങ്കിലും കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ പങ്കെടുക്കില്ല. ഭാരത് ജോഡോ ന്യായ് യാത്രയുമായി അസമിലാണ് രാഹുല്‍ ഗാന്ധി. ശ്രീമന്ത ശങ്കരദേവന്‍റെ ജന്മസ്ഥലമായ ബട്ടദ്രവ സത്രം അദ്ദേഹം സന്ദര്‍ശിച്ചേക്കും. എന്നാല്‍ അയോധ്യയിലെ പ്രതിഷ്‌ഠാ സമയത്ത് ബട്ടദ്രവയിലെ സന്ദര്‍ശനത്തിന് അനുമതി കിട്ടിയിട്ടില്ല. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ചടങ്ങില്‍ പങ്കെടുക്കില്ല.

 

മമത ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ സര്‍വമത റാലിയില്‍ പങ്കെടുക്കും. കൊല്‍ക്കത്തയിലെ കാളീക്ഷേത്രം, മസ്‌ജിദ്, ക്രിസ്ത്യന്‍ പള്ളി എന്നിവയും മമത സന്ദര്‍ശിക്കും. കേജ്‌രിവാള്‍ ഡല്‍ഹിയില്‍ ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആം ആദ്മി പാര്‍ട്ടി സുന്ദരകാണ്ഡ പാരായണം, ഹനുമാന്‍ ചാലിസയുമടക്കമുള്ള പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ രാമക്ഷേത്രം സന്ദര്‍ശിക്കുമെന്നാണ് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്‍റെ നിലപാട്. അഖിലേഷ് യാദവും കുടുംബസമേതം പിന്നീട് രാമക്ഷേത്രം സന്ദര്‍ശിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഒഡിഷയില്‍ ജഗന്നാഥ പൈതൃക ഇടനാഴി പദ്ധതികളുമായി മുന്നോട്ട് പോകുകയാണെന്നും ചടങ്ങില്‍ പങ്കെടുക്കില്ലെന്നുമാണ് നവീന്‍ പട്നായികിന്‍റെ നിലപാട്. 

 

രാവിലെ 11.30 ഓടെയാണ് രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാച്ചടങ്ങുകള്‍ക്ക് തുടക്കമാകുക. പ്രാണപ്രതിഷ്ഠ 12.20 ന് നടക്കും. പ്രധാനമന്ത്രിയാണ് ചടങ്ങിന്‍റെ മുഖ്യയജമാനന്‍. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രി ക്ഷേത്ര പ്രതിഷ്ഠയുടെ യജമാനന്‍ ആകുന്നത്. അനുഷ്ഠാനങ്ങള്‍ക്കൊടുവില്‍ കൃഷ്ണശിലാ വിഗ്രഹത്തിലേക്ക് ദേവചൈതന്യം പകരുന്നതോടെയാണ് പ്രാണപ്രതിഷ്ഠ ചടങ്ങ് പൂര്‍ത്തിയാകുന്നതെന്നാണ് വിശ്വാസം. വിഗ്രഹത്തിലേക്ക് ദേവചൈതന്യം പകരുന്നതിനെയാണ് പ്രാണപ്രതിഷ്ഠയെന്ന് പറയുന്നത്. ആർഎസ്എസ് മേധാവിയും യുപി മുഖ്യമന്ത്രിയും ഗവർണറും ക്ഷേത്രട്രസ്റ്റ് അംഗങ്ങളും ചരിത്രമുഹൂർത്തത്തിന് സാക്ഷിയാകാൻ ഗർഭഗൃഹത്തിലുണ്ടാകും. പ്രത്യേക ക്ഷണം ലഭിച്ച 8000പേർ ക്ഷേത്രാങ്കണത്തിലുണ്ടാകും. ഇതില്‍ 2000 പേര്‍ കേരളത്തില്‍ നിന്നാണ്. ഒരു മണിയോടെ ചടങ്ങുകൾ തീരും. കുബേർ തില ശിവക്ഷേത്രത്തിലും മോദി ദർശനം നടത്തും. 

Opposition leaders to abstain from Ram temple conscration ceremony