yogi-up

അയോധ്യ രാമക്ഷേത്രം സാധ്യമായതോടെ കാശിയിലെയും മഥുരയിലെയും പള്ളികൾ നിൽക്കുന്ന സ്ഥലം വിട്ടുകിട്ടണമെന്ന ആവശ്യം തുറന്നുപറഞ്ഞ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപനത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം.'മൂന്ന് സ്ഥലങ്ങൾ മാത്രമേ ഞങ്ങൾ ആവശ്യപ്പെടുന്നുള്ളു. അതിൽ ഒന്ന് യാഥാർഥ്യമായി. അയോധ്യ പോലെ കാശിയും മഥുരയും സാധാരണ സ്ഥലങ്ങളല്ല. ദൈവം അവതരിച്ച സ്ഥലങ്ങളാണ്. അവയ്ക്കുവേണ്ടി നിരന്തര പരിശ്രമം തുടരും'. ഈ സ്ഥലങ്ങൾ വിട്ടുകിട്ടാൻ തടസം നിൽക്കുന്നവർ മഹാഭാരതത്തിൽ ദുര്യോധനന് ഉണ്ടായ അനുഭവം ഓർമിക്കണമെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു.

'പാണ്ഡവർക്കുവേണ്ടി ശ്രീകൃഷ്ണൻ ദുര്യോധനനോട് പകുതി രാജ്യം ആവശ്യപ്പെട്ടപ്പോൾ നൽകിയില്ല. അഞ്ച് ഗ്രാമങ്ങളെങ്കിലും വിട്ടുകൊടുക്കാൻ അഭ്യർഥിച്ചപ്പോൾ അതും നിരസിച്ചു'. ആ ദുശ്ശാഢ്യമാണ് മഹാഭാരതയുദ്ധത്തിലേക്ക് നയിച്ചത്. അങ്ങനെ കൗരവർ തുടച്ചുനീക്കപ്പെട്ട കാര്യം എല്ലാവരും ഓർക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഇന്ന് ഇത്തരം ദുശ്ശാഢ്യങ്ങൾ രാഷ്ട്രീയവുമായി ചേരുമ്പോളാണ് വലിയ തർക്കങ്ങൾ ഉടലെടുക്കുന്നത്. ഇന്ത്യയിൽ സോഷ്യലിസം ഒരിക്കലും നടപ്പാവില്ലെന്നും രാമരാജ്യത്തിന്‍റെ തത്വങ്ങൾ മാത്രമേ ഇനി രാജ്യം അംഗീകരിക്കൂ എന്നും യുപി മുഖ്യമന്ത്രി പറഞ്ഞു.

Uttar Pradesh CM Yogi Adityanath makes Kashi, Mathura pitch in Assembly