**EDS: IMAGE VIA PMO** Abu Dhabi: Prime Minister Narendra Modi during the 'Ahlan Modi' programme, in Abu Dhabi, UAE, Tuesday, Feb. 13, 2024. (PTI Photo)(PTI02_13_2024_000463A)

യുഎഇയിൽ ഇന്ത്യ പുതിയ ചരിത്രമെഴുതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുപിഐ യുഎഇയിലും നടപ്പായത് പ്രവാസികൾക്ക് നേട്ടമാകും. നാട്ടിലേക്ക് പണം അയക്കാനുള്ള മാർഗം എളുപ്പമാകും. മൂന്നാം മോദി സർക്കാർ ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റുമെന്നും അബുദാബിയിൽ അഹ്ലൻ മോദി പരിപാടിയിൽ മോദി വ്യക്തമാക്കി

 

യുഎഇയിൽ യുപിഐ - റുപെ സേവനങ്ങൾ 

 

യുഎഇയിൽ യുപിഐ - റുപെ സേവനങ്ങൾ ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനും. ഉഭയകക്ഷി നിക്ഷേപം ഉൾപ്പെടെ എട്ടു കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ഏഴാമത്തെ യുഎഇ സന്ദർശനമാണിത്. 

 

ദ്വിദിന സന്ദർശനത്തിനായി ഉച്ചയ്ക്ക് അബുദാബി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ നേരിട്ടെത്തിയാണ് സ്വീകരിച്ചത്.  തുടർന്ന് നടന്ന ഉഭയകക്ഷി ചർച്ചകൾക്കിടെ ഡിജിറ്റൽ പേമെന്റ് സംവിധാനമായ ഇന്ത്യയുടെ യുപിഐയും യുഎഇയും എഎഎൻഐയും തമ്മിൽ ബന്ധിപ്പിക്കാനുള്ള സുപ്രധാന കരാറിൽ ഇരുനേതാക്കളും ഒപ്പിട്ടു. പിന്നാലെ  റുപെ കാർഡ് സേവനവും യുഎഇയിൽ തുടങ്ങി. ഇരുനേതാക്കളും ചേർന്നാണ് ഇത് ഉദ്ഘാടനം ചെയ്തത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നിക്ഷേപം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഉഭയകക്ഷി നിക്ഷേപകരാറിലും ഏർപ്പെട്ടു. 2022 23 കാലയളവിൽ 8500 കോടി ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യയും യുഎഇയും തമ്മിൽ നടത്തിയത്.ചർച്ചകൾക്കിടെ അബുദാബിയിലെ ബിഎപിഎസ് ഹിന്ദുമന്ദിർ യാഥാർത്ഥ്യമാക്കാൻ എല്ലാ പിന്തുണയും നൽകിയതിന് ഷെയ്ഖ് മുഹമ്മദിന് മോദി നന്ദി അറിയിച്ചു.  ഒപ്പം തന്റെ ക്ഷണം സ്വീകരിച്ച് വൈബ്രന്റ് ഗുജറാത്ത് പരിപാടിയിൽ പങ്കെടുത്തെതിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി

 

യുഎഇയിൽ എത്തുമ്പോൾ സ്വന്തം വീട്ടിലെത്തിയ പ്രതീതിയാണെന്നും മോദി കൂട്ടിച്ചേർത്തു. കഴിഞ്ഞ ഏഴുമാസത്തിനിടെ അഞ്ച് തവണയാണ് ഷെയ്ഖ് മുഹമ്മദുമായി കൂടിക്കാഴ്ച നടത്തിയതെന്നും മോദി അനുസ്മരിച്ചു. പ്രധാനമന്ത്രിയായ ശേഷം ഇത് ഏഴാം തവണയാണ് മോദി യുഎഇയിലെത്തുന്നത്. 2015ൽ ആയിരുന്നു ആദ്യ സന്ദർശനം.  അവിടുന്ന് ഇങ്ങോട്ട് ഇന്ത്യ യുഎഇ ബന്ധം വിവിധ തലങ്ങളിൽ ശക്തിപ്രാപിച്ചു.  വ്യാപാരം നിക്ഷേപം, ഊർജം സംസ്കാരം അടിസ്ഥാനസൗകര്യം തുടങ്ങിയ മേഖലകളിലെ സമഗ്രനയതന്ത്ര പങ്കാളിത്തം ശക്തിപ്പെടുത്താനും പുതിയ കരാറുകൾ വഴിവയ്ക്കുമെന്നാണ് പ്രതീക്ഷ. 

 

Narendra Modi in UAE: UPI will help in sending money home more easily, PM tells Indian diaspora