ആറാം ദിവസവും വനംവകുപ്പിന് പിടികൊടുക്കാതെ കൊലയാളി ആന ബേലൂർ മഖ്ന. ഒരു കിലോമീറ്റർ അടുത്ത് വരെ ദൗത്യസംഘം എത്തിയെങ്കിലും ആന ഇപ്പോഴും ദൗത്യസംഘത്തിന്റെ കാണാമറയത്താണ്. ആറു ദിവസമായിട്ടും കാര്യമായ പുരോഗതി ഇല്ലാതായതോടെ, കർണാടക വനം വകുപ്പും ദൗത്യത്തിനൊപ്പം കൂടി. മുൻപ് പല ദൗത്യങ്ങൾ നടത്തി വിജയിപ്പിച്ച ഡോക്ടർ അരുൺ സക്കറിയ നാളെ ദൗത്യത്തിന്റെ ഭാഗമാകും.
രാവിലെ അഞ്ചരയ്ക്ക് ദൗത്യം പുനരാരംഭിച്ചു. കർണാടക വനാതിർത്തി വിട്ട് കേരള വനത്തിന്റെ കൂടുതൽ ഉൾവശത്തേക്ക് ആന എത്തിയിരുന്നു. കാട്ടിക്കുളത്തു നിന്നും 3 കിലോമീറ്റർ മാറി മാനി വയൽ വനമേഖലയിൽ ആയിരുന്നു ആനയുടെ സാന്നിധ്യം. ഇതറിഞ്ഞ ദൗത്യസംഘം ആനയ്ക്ക് അരികിലേക്ക് എത്താൻ ശ്രമിച്ചെങ്കിലും ആന നടത്തം തുടർന്നുകൊണ്ടേയിരുന്നത് തിരിച്ചടിയായി. ഇതിനിടെ വനത്തിനുള്ളിലെ ചെമ്പക കുഴി, കുതിരക്കോട് തുടങ്ങിയ ഇടങ്ങളിലും മോഴയാന നടന്നെത്തി. ശേഷം ഉയർന്ന പ്രദേശത്തേക്ക് കയറിപ്പോവുകയും ചെയ്തത് വലിയ തിരിച്ചടിയായി. രണ്ടാമത്തെ മോഴയാന മഖ്നക്ക് ഒപ്പം നടക്കുന്നതും തുടരുകയാണ്. കുറ്റിക്കാടുകളും തിരിച്ചടിയാണ്.
ദിവസങ്ങളായി ദൗത്യം വിജയം കാണാത്തതിനാലാണ് കർണാടക വനം വകുപ്പും ഒപ്പം ചേർന്ന് സംയുക്ത പരിശോധന നടത്തിയത്. ബേലൂരിൽ നിന്ന് ഇതേ ആനയെ പിടികൂടിയ ദൗത്യത്തിൽ ഉൾപ്പെട്ടവർ ഈ സംഘത്തിൽ ഉണ്ട്. മൂന്ന് സംഘങ്ങളായാണ് ഇന്ന് പരിശോധന നടത്തിയത്. ദൗത്യം നീളുന്ന പശ്ചാത്തലത്തിൽ അരിക്കൊമ്പൻ, പിഎം ടു, പി ടി സെവൻ തുടങ്ങിയ ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ ഡോക്ടർ അരുൺ സക്കറിയ ടീമിനൊപ്പം ചേരും. ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി മൃഗസംരക്ഷണ വകുപ്പിലേക്ക് മടങ്ങി ഏതാനും മാസങ്ങൾ തികയുമ്പോഴാണ് അരുൺ സക്കറിയയുടെ തിരിച്ചുവരവ്.
Belur Makhna Mission: Dr. Arun Zakaria will be part of the mission