റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്‌റ്റേഷനിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കഞ്ചാവ് കൃഷി ചെയ്തെന്ന റേഞ്ചറുടെ റിപ്പോർട്ടിനെ തള്ളി കോട്ടയം ഡി.എഫ്.ഒ. വനം വകുപ്പ് ഉദ്യോഗസ്ഥർ കഞ്ചാവ് വളർത്തിയിട്ടില്ല. വനിത ഉദ്യോഗസ്ഥരുടെ തൊഴിൽ പീഡന പരാതിയിലാണ് എരുമേലി റേഞ്ചർ ബി.ആർ.ജയനെ സ്ഥലം മാറ്റിയതെന്നും ഡി.എഫ്.ഒ മനോരമ ന്യൂസിനോട് പ്രതികരിച്ചു.
പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്ത് ഗ്രോബാഗുകളിലായി നാൽപ്പത്തിലധികം കഞ്ചാവ് ചെടികൾ വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ വളർത്തിയിരുന്നു എന്നാണ് എരുമേലി റെയിഞ്ചർ ബി.ആർ.ജയന്റെ റിപ്പോർട്ട്. മാർച്ച് പതിനാറ് എന്ന തീയതിയിൽ ഫയൽ ചെയ്തിരിക്കുന്ന റിപ്പോർട്ടിന് പിന്നാലെ 19ന് സ്ഥലംമാറ്റ നടപടി ഉണ്ടായി എന്നാണ് ആരോപണം. എന്നാൽ റേഞ്ചറുടെ റിപ്പോർട്ട് കയ്യിൽ കിട്ടിയത് 21നാണെന്നും സ്ഥലംമാറ്റ നടപടിക്ക് ശേഷം 16 എന്ന തീയതി വെച്ച് റിപ്പോർട്ട് സമർപ്പിച്ചതാണെന്നുമാണ് കോട്ടയം ഡി.എഫ്.ഒയുടെ വിശദീകരണം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് വളർത്തിയിട്ടില്ല.
താൽക്കാലിക ജീവനക്കാരനായ വനം വാച്ചർ വളർത്തിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നശിപ്പിച്ചു കളഞ്ഞിരുന്നതാണെന്നും ഡി.എഫ്.ഒ വിശദീകരിക്കുന്നു. തൊഴിൽ പീഡന പരാതി നൽകിയ വനിത ഉദ്യോഗസ്ഥരുടെ പേരുകളും റിപ്പോർട്ടിൽ റേഞ്ചർ ചേർത്തിട്ടുണ്ട്. ഇക്കാര്യങ്ങളിൽ അടക്കം വിശദമായ അന്വേഷണം വേണമെന്നാണ് ഉദ്യോഗസ്ഥരുടെയും ആവശ്യം. എരുമേലി റെയിഞ്ച് ഓഫീസർ ആയിരുന്ന ബി.ആർ ജയനെയാണ് മലപ്പുറത്തേക്ക് സ്ഥലം മാറ്റിയത്. എന്നാൽ സ്ഥലംമാറ്റ നടപടി റിപ്പോർട്ട് സമർപ്പിച്ചതിന്റെ വൈരാഗ്യത്തിൽ തന്നെയാണെന്നാണ് ബി.ആർ.ജയൻ ഉറപ്പിച്ചു പറയുന്നത്.
Ganja cultivation reported at Ranni Placheri Forest Station