മലപ്പുറത്ത് യുഡിഎഫിന് ഇടര്‍ച്ചയില്ലെന്ന് മനോരമന്യൂസ്––വിഎംആര്‍ പ്രീ–പോള്‍ സര്‍വേ. ആറുശതമാനം വോട്ട് കുറയും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പി.കെ.കുഞ്ഞാലിക്കുട്ടി നേടിയ 57.1 ശതമാനം വോട്ട് വിഹിതം ഇക്കുറി ഇ.ടി.മുഹമ്മദ് ബഷീറിന് ലഭിക്കില്ല. 3.93 ശതമാനത്തിന്റെ കുറവാണ് പ്രവചനം. എല്‍ഡിഎഫിന്റെ വോട്ട് 6.12 ശതമാനം ഉയരും. എങ്കിലും ആകെ വോട്ടില്‍ ലീഗ് സിപിഎമ്മിനെക്കാള്‍ ബഹുദൂരം മുന്നിലാണ്. 53.7 ശതമാനമാണ് യുഡിഎഫിന് പ്രതീക്ഷിക്കുന്ന വോട്ട് വിഹിതം. എല്‍ഡിഎഫിന് 37.92 ശതമാനം. ബിജെപി വോട്ടിലും നേരിയ വര്‍ധനയുണ്ട്. 7.96 ശതമാനത്തില്‍ നിന്ന് 8.24 ശതമാനമായി ഉയരും.

 

പൊന്നാനിയില്‍ നിന്ന് മലപ്പുറത്തേക്ക് മാറിയ ഇ.ടി.മുഹമ്മദ് ബഷീറിനെ നേരിടാന്‍ ഡിവൈഎഫ്ഐ നേതാവ് വി.വസീഫിനെയാണ് സിപിഎം രംഗത്തിറക്കിയത്. ബിജെപിക്കുവേണ്ടി കാലിക്കറ്റ് സര്‍വകലാശാല മുന്‍ വിസി ഡോ. അബ്ദുല്‍ സലാമും കളത്തിലുണ്ട്. 2019 തിരഞ്ഞെടുപ്പിൽ പി.കെ.കുഞ്ഞാലിക്കുട്ടി 2,60,153 വോട്ടിന്റെ ഭൂരിപക്ഷത്തിന് യുവ സിപിഎം നേതാവ് വി.പി.സാനുവിനെ തോൽപ്പിച്ചാണ് ലോക്സഭയിലെത്തിയത്. 2021 നിയമസഭാതിരഞ്ഞെടുപ്പിൽ മൽസരിക്കാൻ കുഞ്ഞാലിക്കുട്ടി രാജിവച്ചപ്പോൾ മുതിർന്ന നേതാവും പണ്ഡിതനും പ്രഭാഷകനുമായ അബ്ദുസമദ് സമദാനിയെ ലീഗ് രംഗത്തിറക്കി. വി.പി.സാനു തന്നെയായിരുന്നു എതിരാളി. ഉപതിരഞ്ഞെടുപ്പിൽ ലീഗിന്റെ ഭൂരിപക്ഷം പകുതിയിൽ താഴെയായി കുറയ്ക്കാന്‍ സാനുവിന് കഴിഞ്ഞു. 1,14,615 വോട്ടിനാണ് സമദാനി ജയിച്ചത്.

 

മാര്‍ച്ച് മാസം സംസ്ഥാനത്തെ മുഴുവന്‍ നിയമസഭാമണ്ഡലങ്ങളും കവര്‍ ചെയ്ത് 28,000 വോട്ടര്‍മാരെ നേരില്‍ക്കണ്ടാണ് മനോരമന്യൂസ്–വി.എംആര്‍ പ്രീ–പോള്‍ സര്‍വേ നടത്തിയത്. ഈ സമയത്ത് തിരഞ്ഞെടുപ്പ് നടന്നാല്‍ എന്താകും സാധ്യതകള്‍ എന്നാണ് സര്‍വേ വിലയിരുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരെ മുഖാമുഖം കണ്ട് തയാറാക്കിയ സര്‍വേയാണ് മനോരമന്യൂസ്–വിഎംആര്‍ ‘ഇരുപതില്‍ ആര്’ സര്‍വേ.

 

IUML holds fort in Malappuram. LDF to increase vite share, says Manorama News-VMR Pre-poll Survey.