kerala-legislative-assembly
  • ബില്ല് അടുത്ത സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും
  • സാമാജികരുടെ ശമ്പളം അവസാനമായി വര്‍ധിപ്പിച്ചത് 2018 ല്‍
  • മന്ത്രിമാര്‍ക്ക് പഴ്സനല്‍ സ്റ്റാഫിനെക്കാള്‍ ശമ്പളം നിലവില്‍ കുറവെന്ന് വാദം

സംസ്ഥാനത്തെ കടുത്ത ‌സാമ്പത്തിക പ്രതിസന്ധിക്കിടയിലും മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളം കൂട്ടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. 50 ശതമാനം വര്‍ധനയാണ് പരിഗണനയിലുള്ളത്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഇതിനുള്ള ബില്ല് അവതരിപ്പിച്ചേക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും ജനരോഷം ഭയന്ന് മാറ്റിവച്ചു. ഇനി അടുത്ത വര്‍ഷം അവസാനമേ തദ്ദേശ തിരഞ്ഞെടുപ്പുള്ളു. ഇപ്പോള്‍ ശമ്പളം കൂട്ടിയാല്‍ തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും ജനം അതെല്ലാം മറന്നോളുമെന്നാണ് സര്‍ക്കാരിന് കിട്ടിയിരിക്കുന്ന ഉപദേശം. 

 

ബില്ലിന്‍റെ കരട് വൈകാതെ തയ്യാറാകുമെന്നാണ് അറിയുന്നത്. 2018ലായിരുന്നു അവസാനം സാമാജികരുടെ ശമ്പളം കൂട്ടിയത്. അന്ന് മന്ത്രിമാരുടെ ശമ്പളം 55012ല്‍ നിന്ന് 97429 രൂപയാക്കി. എം.എല്‍.എമാരുടെ ശമ്പളവും ആനുകൂല്യവും 39500ല്‍ നിന്ന് 70000 രൂപയുമാക്കി. മന്ത്രിമാര്‍ക്ക് ശമ്പളത്തിന് പുറമെ കിലോമീറ്റര്‍ കണക്കിന് പരിധിയില്ലാത്ത യാത്രാബത്തയുമുണ്ട്. മന്ത്രിമാര്‍ക്കും സാമാജികര്‍ക്കും വീടുവയ്ക്കാനും വാഹനം വാങ്ങാനും പലിശരഹിത വായ്പ, രോഗംവന്നാല്‍ സര്‍ക്കാര്‍ ചെലവില്‍ വിദേശത്തുള്‍പ്പടെ ചികിത്സയും എല്ലാമുണ്ട്. എന്നാല്‍ മന്ത്രിമാര്‍ക്ക് അവരുടെ പഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെക്കാള്‍ ശമ്പളം കുറവാണെന്നാണ് ശമ്പളവര്‍ധനയെ ന്യായീകരിക്കുന്നവരുടെ വാദം. 

 

Kerala govt plans to revise salary of MLAs and Ministers