മൂന്നാം മോദി സർക്കാരിൽ കേരളത്തില്‍ നിന്നുള്ള ഏക ബിജെപി എം.പി സുരേഷ് ഗോപി കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റു. മന്ത്രിപദവുമായി ബന്ധപ്പെട്ടുയർന്ന ചർച്ചകൾക്കും ആരോപണങ്ങൾക്കും എല്ലാം വിരാമമിട്ട് പത്തുമണിയോടെ സുരേഷ് ഗോപി ഹോട്ടലിൽനിന്ന് പെട്രോളിയം മന്ത്രാലയത്തിലേക്ക് ഇറങ്ങി. മന്ത്രി ഹർപ്സിങ് പുരിയും ഉദ്യോഗസ്ഥരും പൂച്ചെണ്ട് നൽകി സ്വീകരിച്ചു.
സിനിമയും രാഷ്ട്രീയവും ഒരുമിച്ച് കൊണ്ടുപോകും. തന്റെ സിനിമ സെറ്റില്‍ ഒരു ഓഫീസ് പ്രവര്‍ത്തിക്കും. കേരളത്തിലെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുമെന്നും ടൂറിസം-പെട്രോളിയം സഹമന്ത്രിയായി ചുമതലയേറ്റശേഷം സുരേഷ് ഗോപി പ്രതികരിച്ചു. റജിസ്റ്ററിൽ ഒപ്പുവച്ച് സഹമന്ത്രിയായി ചുമതലയേറ്റു. തൊട്ടുപിന്നാലെ ടൂറിസം മന്ത്രാലയത്തിലുമെത്തി ചുമതലയേറ്റെടുത്തു. സിനിമയും മന്ത്രി എന്ന നിലയിലുള്ള ചുമതലകളും ഒരുമിച്ച് കൊണ്ടുപോകുമെന്ന് ആദ്യ പ്രതികരണം. സംസ്ഥാനത്തെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുമെന്നും ഉറപ്പ്.
പതിനൊന്നരയോടെ ന്യൂനപക്ഷകാര്യം-ഫിഷറീസ് സഹമന്ത്രി കൂടിയായ ജോർജ് കുര്യന്‍ കൃഷിമന്ത്രാലയത്തിലെത്തി. ഒരു മണിയോട് അദ്ദേഹം ചുമതലയേറ്റു. സ്ഥിരം അപകടം ഉണ്ടാകുന്ന മുതലപ്പൊഴി സന്ദര്‍ശിക്കുമെന്ന് മന്ത്രിയായ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന് ഏറെ സുപ്രധാനമായ ടൂറിസം, ഫിഷറീസ് വകുപ്പുകളിൽ മലയാളികൾ എത്തുന്നത് സംസ്ഥാനത്തിന് ഏറെ പ്രതീക്ഷ നൽകുന്നതാണ്. ഈ രണ്ട് മേഖലയിലും മലയാളി മന്ത്രിമാരുടെ ഇടപെടൽ ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.