ആശങ്കയുയര്‍ത്തി മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ജമ്മു കശ്മീരില്‍ രണ്ടിടങ്ങളില്‍ വന്‍ ഭീകരാക്രമണം. കത്വയില്‍ ഒരു സിആര്‍എപിഎഫ് ജവാന്‍ വീരമൃത്യു വരിച്ചു. മൂന്ന് പ്രദേശവാസികള്‍ക്കും പരുക്കേറ്റു. ദോഡയിലുണ്ടായ ഭീകരാക്രമണത്തില്‍ കരസേനാംഗങ്ങളടക്കം ആറ് ജവാന്‍മാര്‍ക്കും പരുക്ക്. മൂന്ന് ദിവസത്തിനിടെ കശ്മീരിലുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്. 

പൊതുവെ, സമാധാന നില തുടരുന്ന കത്വയിലും ദോഡയിലുമാണ് രാത്രിയുടെ മറവില്‍ ഭീകരര്‍ ആക്രമണം നടത്തിയത്. കത്വയില്‍ രാജ്യാന്തര അതിര്‍ത്തിയോട് ചേര്‍ന്ന് ഹിരാനഗറിലാണ് നുഴഞ്ഞുകയറിയെത്തിയ രണ്ട് ഭീകരര്‍ നാട്ടുകാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ഭീകരരെ നേരിടാനെത്തിയ സിആര്‍പിഎഫ് ജവാന് കബീര്‍ ദാസിന് വെടിയേറ്റ് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ജവാനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൂന്ന് നാട്ടുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. കത്വയില്‍ ഒരുഭീകരനെ വധിച്ചു. മറ്റൊരു ഭീകരനായി തിരച്ചില്‍ തുടരുന്നു. ദോഡയില്‍ ഭദേര്‍വാ– പത്താന്‍കോട്ട് റോഡിലെ കരസേനയുടെയും പൊലീസിന്‍റെയും സംയുക്ത ചെക്പോസ്റ്റിലാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ഗ്രനേഡെറിഞ്ഞശേഷം ഭീകരര്‍ ജവാന്‍മാര്‍ക്കുനേരെ വെടിയുതിര്‍ത്തു. 

രാഷ്ട്രീയ റൈഫിള്‍സിന്‍റെ അഞ്ച് ട്രൂപ്പര്‍മാരും ഒരു സ്പെഷല്‍ പൊലീസ് ഓഫിസറുമാണ് ചികില്‍സയില്‍ കഴിയുന്നത്. രണ്ട് ജവാന്‍മാരുടെ നില ഗുരുതരമെന്നാണ് വിവരം. രൂക്ഷമായ വെടിവയ്പ്പ് മണിക്കൂറുകളോളം നീണ്ടു. ഒടുവില്‍ ഭീകരര്‍ പിന്‍വാങ്ങി, വനത്തിലൊളിച്ചു. ദോഡ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം കശ്മീർ ടൈഗഴ്സ് എന്ന ഭീകര സംഘടന ഏറ്റെടുത്തു. കഴിഞ്ഞ ഞായഴാഴ്ച 10 പേര്‍ കൊല്ലപ്പെട്ട റിയാസിയിലെ ആക്രമണത്തില്‍ ഉള്‍പ്പെട്ടതെന്ന് കരുതുന്ന ഭീകരന്‍റെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ജമ്മു മേഖലയിലേക്ക് ഭീകരര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ സുരക്ഷാ ഏജന്‍സികള്‍ ആശങ്കയിലാണ്. ഭീകരരെ നേരിടുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയമാണെന്ന് ഭീകരാക്രമണങ്ങള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് പ്രതികരിച്ചു.

ENGLISH SUMMARY:

Terrorist attack in two places in Jammu and Kashmir within hours, raising concern. A CRPF jawan martyred in Kathua terror attack.