ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റുള്ള ലക്ഷദ്വീപിൽ ഇത്തവണ വിജയം കോൺഗ്രസിനൊപ്പമായിരുന്നു. ഇന്ത്യമുന്നണിയുടെ ഭാഗമാണെങ്കിലും ലക്ഷദ്വീപിൽ കോൺഗ്രസും എൻസിപി (ശരദ്‍പവാർ വിഭാഗം) യും നേരിട്ട് ഏറ്റുമുട്ടി. 2,647 വോട്ടിനാണ് കോൺഗ്രസ് സ്ഥാനാർഥി മുഹമ്മദ് അംദുള്ള സെയ്ദ് വിജയിച്ചത്. അതേസമയം ലക്ഷദ്വീപ് ലോക്സഭാ മണ്ഡലത്തിൽ ബിജെപിക്ക് 201 വോട്ട് മാത്രമാണ് ലഭിച്ചതെന്നാണ് സമൂഹ മാധ്യമങ്ങളിലെ പ്രചാരണം. പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനം അടക്കം വോട്ടാക്കി മാറ്റാൻ സാധിച്ചില്ലെന്ന തരത്തിലാണ് പ്രചാരണം. ഇതിലെത്ര സത്യമുണ്ടെന്ന് പരിശോധിക്കാം. 

മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയുണ്ടായിരുന്നെങ്കിലും ഇത് ബിജെപിയുടെതായിരുന്നില്ല. എൻസിപിക്കായിരുന്നു ഇത്തവണ ബിജെപി സീറ്റ് നൽകിയത്. എൻസിപി അജിത് പവാർ പക്ഷത്ത് നിന്ന് സ്ഥാനാർഥിയായിരുന്ന ടിപി യുസഫിനാണ് 201 വോട്ട് ലഭിച്ചത്. 84.16 ശതമാനം പോളിങ് രേഖപ്പെടുത്തിയ ലക്ഷദ്വീപിൽ കോൺഗ്രസ് സ്ഥാനാർഥി മുഹമ്മദ് അംദുള്ള  സെയ്ദിന് ലഭിച്ചത് 25,726 വോട്ടാണ്. രണ്ടാമതെത്തിയ എൻസിപി ശരത് പവാർ സ്ഥാനാർഥി മുഹമ്മദ് ഫൈസലിന് 23,079 വോട്ടും ലഭിച്ചു. സ്വതന്ത്രനായി മൽസരിച്ച കോയ എന്ന സ്ഥാനാർഥിക്ക് 61 വോട്ടും നോട്ടയ്ക്ക് 133 വോട്ടും ലഭിച്ചു. 

വര്‍ഷങ്ങളായി കോൺഗ്രസും എൻസിപിയും ശക്തമായ പോരാട്ടം നടത്തുന്ന മണ്ഡലമാണ് ലക്ഷദ്വീപ്. നിയുക്ത എംപി മുഹമ്മദ് അംദുള്ള  സെയ്ദ്, ദ്വീപിലെ ഏറ്റവും കൂടുതൽ കാലം എംപിയായിരുന്ന പിഎം സെയ്ദിന്റെ മകനാണ്. 2004 ൽ തോറ്റ പിഎം സെയ്ദ് 2005 ൽ മരണപ്പെട്ടു. 2009 തിൽ ലക്ഷദ്വീപിൽ നിന്ന്  മുഹമ്മദ് അംദുള്ള  സെയ്ദ് വിജയിച്ചിരുന്നെങ്കിലും 2014 ലും 2019 തിലും  എൻസിപിയുടെ മുഹമ്മദ് ഫൈസലിനോട് തോൽക്കുകയായിരുന്നു. എൻസിപിയിലെ വിഭജനത്തിന് ശേഷം എൻഡിഎയിലെത്തിയ എൻസിപി ഔദ്യോഗിക വിഭാഗത്തിനാണ് ബിജെപി സീറ്റ് നൽകിയത്.  ടിപി യൂസഫിനെയാണ് പാർട്ടി മൽസരിച്ചത്. 

2024 ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപ് സന്ദർശിച്ചിരുന്നു. ദ്വീപിലെ ടൂറിസം സാധ്യതകളെ പറ്റി സൂചിപ്പിച്ച മോദി, മുസ്‍ലിം വനിതകളുമായി സംസാരിക്കുന്ന വിഡിയോ പ്രചരിപ്പിച്ചിരുന്നു. നേരത്തെ ബിജെപി സ്വന്തം സ്ഥാനാർഥികളെ ലക്ഷദ്വീപിൽ മൽസരിപ്പിച്ചിട്ടുണ്ട്. 2019 ൽ പാർട്ടി ചിഹ്നത്തിൽ മൽസരിച്ച ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചത് 125 വോട്ടാണ്. 2019 ലെ വോട്ട് നില വെച്ച് എൻഡിഎയ്ക്ക് ആശ്വസിക്കാനുള്ള വകയാണിത്. എന്നാലും മോദിയുടെ വരവും പ്രചാരണമഹാമഹവും വോട്ടായില്ലെന്നത്  നേരു തന്നെ. മോദിയുടെ മുന്നണി നിലംതൊട്ടില്ല എന്ന് ചുരുക്കം.  

ENGLISH SUMMARY:

Know The Truth Behind The Circulating Tweet Says, BJP Only Get 201 Votes In Lakshadweep Loksabha Constituency