കുവൈത്തിലെ ദുരന്തസ്ഥലം സന്ദര്‍ശിക്കാന്‍ ആരോഗ്യമന്ത്രിക്ക് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്. ദുരന്തസമയത്ത് രാഷ്ട്രീയം നോക്കി നടപടി സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി. കേന്ദ്രനിലപാടില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതായി പ്രതിപക്ഷനേതാവ് വി.ഡി.സതീശനും പറഞ്ഞു. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് നിയമസഭ ആദരാഞ്ജലി അര്‍പ്പിച്ചു.
സംസ്ഥാനത്തിന്റെ പ്രതിനിധിയായി കുവൈത്തിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ ആരോഗ്യമന്ത്രിക്ക് കേന്ദ്രസര്‍ക്കാരിന്റെ പൊളിറ്റിക്കല്‍ ക്ളീയറന്‍സ് കിട്ടാത്തതിനാല്‍ യാത്രമുടങ്ങി. അന്ന് ഇത്രമാത്രമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
സംസ്കാരമൊക്കെ കഴിഞ്ഞതോടെ പ്രധാനമന്ത്രിക്ക് കത്തെഴുതി വിമര്‍ശനം പരസ്യമാക്കുകയാണ് മുഖ്യമന്ത്രി. ദുരന്തത്തില്‍പ്പെട്ടവരെ ആശ്വസിപ്പിക്കാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമാണ് ആരോഗ്യമന്ത്രിയെ കുവൈത്തിലേക്ക് അയക്കാന്‍ സംസ്ഥാനം തീരുമാനിച്ചത്. തീരുമാനത്തെ കേന്ദ്രം അവഗണിച്ചു. ഫെഡറല്‍ തത്വങ്ങള്‍ക്കെതിരാണത്. ദുരന്തസമയത്ത് രാഷ്ട്രീയം നോക്കി തീരുമാനങ്ങളെടുക്കരുത്. ഭാവിയിലെങ്കിലും പക്ഷപാതത്തോടെ തീരുമാനങ്ങളെടുക്കരുതെന്ന് വിദേശകാര്യമന്ത്രാലയത്തെ പ്രധാനമന്ത്രി ഉപദേശിക്കണമെന്നും നിര്‍ദേശിച്ചാണ് കത്ത് അവസാനിക്കുന്നത്. നിയമസഭയില്‍ അവതരിപ്പിച്ച് അനുശോചന പ്രമേയത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തി.
പ്രതിപക്ഷവും ഇക്കാര്യത്തില്‍ സര്‍ക്കാരിനെ പിന്തുണച്ചു.ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബത്തെ ചേര്‍ത്ത് പിടിക്കണമെന്നും പ്രതിപക്ഷനേതാവ്.