കൊടുംചൂടില്‍ പൊള്ളിയും കുടിവെള്ളക്ഷാമത്തില്‍ വലഞ്ഞും ഡല്‍ഹി. പരിധിയിൽ കൂടുതൽ വെള്ളം ഡൽഹിക്ക് തരാനാകില്ലെന്ന് ഹരിയാന. വെള്ളമില്ലെങ്കില്‍ നാളെ മുതല്‍ അനിശ്ചിതകാല നിരാഹാര സമരമിരിക്കുമെന്നാണ് മന്ത്രി അതിഷിയുടെ ഭീഷണി.
ആകാശത്തുനിന്ന് തീ തുപ്പുകയാണോ, ഡല്‍ഹിയിലെ സ്ഥിരതാമസക്കാരും ഡല്‍ഹി കാണാന്‍ വന്നവരും കഴിഞ്ഞ 20 ദിവസത്തോളമായി ചോദിക്കുന്ന ചോദ്യമാണിത്. രാത്രിയിൽ 35 ഡിഗ്രിയും പകൽ 45 ഡിഗ്രിക്ക് മുകളിലുമാണ് അന്തരീക്ഷ താപനില. പതിറ്റാണ്ടുകളായി ഡല്‍ഹിയില്‍ താമസിക്കുന്നവരും ഈ വിധത്തിലൊരു ചൂട് ഓര്‍മയില്‍ പോലുമില്ലെന്ന് പറയുന്നു.
മൂന്നാഴ്ച കഴിഞ്ഞു ഡൽഹിയിൽ കൊടുംചൂട് തുടങ്ങിയിട്ട്. ടാങ്കറിൽ വിതരണം ചെയ്യുന്ന വെള്ളത്തിന്റെ അളവും പൈപ്പിലൂടെ വരുന്ന വെള്ളത്തിന്റെ ശക്തിയും കുറഞ്ഞു. 28 ലക്ഷം ഡൽഹിക്കാർ കുടിവെള്ളക്ഷാമം നേരിടുന്ന എന്നാണ് സർക്കാർ കണക്ക്.
വീടുകളില്‍ പൈപ്പ് വഴിയുള്ള ശുദ്ധജലവിതരണം പലയിടങ്ങളിലും തടസ്സം നേരിടുകയാണ്. ടാങ്കര്‍ വഴിയുള്ള ജലവിതരണത്തില്‍ ബിജെപി അഴിമതിയാരോപിച്ചുകഴിഞ്ഞു. ഡല്‍ഹിക്ക് ഇപ്പോള്‍ നല്‍കുന്ന കുടിവെള്ളം തന്നെ പരിധിക്കപ്പുറമെന്നാണ് ഹരിയാന സര്‍ക്കാര്‍ പറയുന്നത്. ഡല്‍ഹിയില്‍ പ്രതിദിനം ആവശ്യമുള്ളത് 1,050 മില്യണ്‍ ഗാലന്‍ വെള്ളമാണ്. ഇതില്‍ 613 മില്യണ്‍ ഗാലനും നല്‍കേണ്ടത് ഹരിയാന. എന്നാല്‍ ഇപ്പോള്‍ നൂറ് ഗാലന്‍ കുറഞ്ഞ് 513 ഗാലന്‍ വെള്ളമാണ് ഹരിയാന ഡല്‍ഹിക്ക് നല്‍കുന്നത്. കുറവ് വന്ന 100 ഗാലന്‍ നികത്താന്‍ മറ്റൊരു വഴിയില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ പറയുന്നു. ഊര്‍ജ ഉപഭോഗം കഴിഞ്ഞ രണ്ട് ദിവസമായി സര്‍വകാല റെക്കോര്‍ഡിലെത്തി. 8,656 മെഗാ വാട്ടാണ് ഇന്നലത്തെ ഡല്‍ഹിയിലെ ഉര്‍ജ ഉപഭോഗം.