നീറ്റ് - നെറ്റ് പരീക്ഷാ ക്രമക്കേടിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. നെറ്റ് ചോദ്യപേപ്പർ വിറ്റത് ആറു ലക്ഷം രൂപയ്ക്ക്. 48 മണിക്കൂർ മുമ്പ് ചോദ്യപേപ്പർ ചോർന്നുവെന്നും സിബിഐ കണ്ടെത്തൽ. നീറ്റ് പരീക്ഷ നടത്തിയ കേന്ദ്രങ്ങളിൽ ഭൂരിഭാഗവും മാനദണ്ഡങ്ങൾപാലിച്ചിരുന്നില്ലെന്നും റിപ്പോർട്ട്. പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ കോൺഗ്രസ് നടത്തിയ രാജ്യവ്യാപക പ്രതിഷേധം പലയിടത്തും സംഘർഷത്തിൽ കലാശിച്ചു.
നെറ്റ് ചോദ്യ പേപ്പർ ചോർച്ചയിൽ ഇന്നലെയാണ് ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നിവ പ്രകാരം സിബിഐ കേസടുത്തത്. പ്രാഥമിക അന്വേഷണത്തിൽ നെറ്റ് ചോദ്യപേപ്പർ വിറ്റത് 6 ലക്ഷം രൂപയ്ക്കാണെന്നും 48 മണിക്കൂർ മുമ്പ് ചോദ്യപേപ്പർ ചോർന്ന് ഡാർക്ക് വെബിലും ടെലഗ്രാമിലും വന്നു എന്നുമാണ് കണ്ടെത്തൽ. ചോദ്യ പേപ്പർ ചോർച്ചയിൽ പരിശീലന കേന്ദ്രങ്ങളുടെ പങ്ക് സിബിഐ അന്വേഷിച്ച് വരികയാണ്. അതേസമയം 399 നെറ്റ് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 146 എണ്ണത്തിൽ സിസിടിവികൾ ഉണ്ടായിരുന്നില്ലെന്നാണ് കണ്ടെത്തൽ. ചോദ്യപേപ്പറുകൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകൾക്ക് കാവൽ ഉണ്ടായില്ല.
83 ഇടങ്ങളിൽ പരിശോധനക്ക് ആവശ്യമായ ഉദ്യോഗസ്ഥർ ഇല്ലായിരുന്നു.
ഇരിപ്പിടങ്ങളുടെ ക്രമീകരണവും കൃത്യമല്ലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ ഇക്കാര്യത്തിൽ എൻടിഎ പ്രതികരിച്ചിട്ടില്ല. ഗ്രേസ് മാർക്ക് ലഭിച്ചവർക്കുള്ള പുനപരീക്ഷ 23 ന് നടക്കും. ഹാൾടിക്കറ്റ് നൽകി തുടങ്ങി .ഇതിനിടെ നീറ്റ് ഹർജികളിലെ കൗൺസിലിംഗ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. എൻ ടി എ ക്ക് നോട്ടീസ് അയച്ച കോടതി ജൂലൈ എട്ടിന് ഹർജികൾ പരിഗണിക്കുമെന്ന് അറിയിച്ചു.
ബി.ജെ.പി ഭരണത്തിന് കീഴിൽ ദേശീയ പ്രശ്നമായി മാറിയിരിക്കുന്നു എന്നും ബിജെപിയുടെ അഴിമതി രാജ്യത്തെ തളർത്തുകയാണെന്നും പ്രിയങ്ക ഗാന്ധി വിമർശിച്ചു. തനിക്കും ആര്‍ജെഡിയ്ക്കും ബീഹാറിൽ അറസ്റ്റിൽ ആയവരുമായി ബന്ധമുണ്ടെന്ന ബിജെപി ആരോപണം ചോദ്യപേപ്പർ ചോർച്ചയിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണന്ന് തേജസ്വി യാദവ് പ്രതികരിച്ചു. വിദ്യാർത്ഥി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി സർവകലാശാലയിൽ നടത്തിയ യോഗ ദിനാചരണത്തിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാൻ പങ്കെടുത്തില്ല.