indian-eailway-senior-citizen

2024-25 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ജൂലായിൽ വരാനിരിക്കെ ട്രെയിൻ യാത്രക്കാരെ സംബന്ധിച്ച് വരുന്ന പ്രധാന ചർച്ച മുതിർന്ന പൗരന്മാർക്കുള്ള യാത്ര ഇളവാണ്. കോവിഡോടെ റെയിൽവെ പിൻവലിച്ച യാത്ര ഇളവ് പുതിയ സർക്കാറിന്റെ ആദ്യ ബജറ്റിൽ പുനസ്ഥാപിക്കുമോ എന്നാണ് കാത്തിരിക്കുന്നത്. ലക്ഷക്കണക്കിന് യാത്രക്കാർക്ക് ലഭിച്ചിരുന്ന യാത്ര ഇളവ് 2020 മാർച്ചിൽ കോവിഡിന്റെ വരവോടെ ട്രെയിൻ ​ഗതാ​ഗതം നിലച്ച സമയത്താണ് പിൻവലിച്ചത്. പിന്നീട് 2022 ൽ ട്രെയിൻ ​ഗതാ​ഗതം പുനസ്ഥാപിച്ചപ്പോൾ ഇളവുകൾ മാത്രം തിരികെ വന്നില്ല. ട്രെയിൻ ടിക്കറ്റിൽ വനിതാ യാത്രക്കാർക്ക് 50 ശതമാനവും പുരുഷ, ട്രാൻസ്ജെൻഡർ യാത്രക്കാർക്ക് 40 ശതമാനവുമായിരുന്നു റെയിൽവെ നൽകിയിരുന്ന ഇളവ്. ഇത് പിൻവലിച്ചതോടെ സാധാരണ യാത്രക്കാരെ പോലെ മുഴുവൻ തുകയും നൽകി യാത്ര ചെയ്യുകയാണ് മുതിർന്ന പൗരന്മാർ. 

റെയിൽവെയ്ക്ക് അധിക വരുമാനം

റെയിൽവെയുടെ ചട്ടങ്ങൾ പ്രകാരം 60 കഴിഞ്ഞ പുരുഷന്മാരും ട്രാൻസ്ജെൻഡറുകളും മുതിർന്ന പൗരന്മാരുടെ വിഭാ​ഗത്തിൽ വരും. വനിതകൾ 58 വയസ് പൂർത്തിയായാൽ മുതിർന്ന പൗരന്മാരാണ്. ഇവർക്കുള്ള ഇളവ് പിൻവലിച്ചതോടെ വലിയ തുകയുടെ അധിക വരുമാനമാണ് റെയിൽവെ നേടുന്നത്. മധ്യപ്രദേശിൽ നിന്നുള്ള വിവരാവകാശ പ്രവർത്തകൻ ചന്ദ്രശേഖർ ​ഗൗറിന് ലഭിച്ച വിവരാവകാശ മറുപടി പ്രകാരം, 2020 മാർച്ച് 31 മുതൽ 2024 ജനവരി 31 വരെ 5,875 കോടി രൂപയാണ് റെയിൽവെ ഈ ഇനത്തിൽ സമ്പാദിച്ചത്. നാല് വർഷത്തിനിടെ 13 കോടി പുരുഷന്മാരും 9 കോടി സ്ത്രീകളും 33,700 ട്രാൻസ്ജെൻഡർ വിഭാ​ഗക്കാരുമായ മുതിർന്ന പൗരന്മാർ 13,287 കോടി രൂപയുടെ ടിക്കറ്റ് വരുമാനം റെയിൽവെയ്ക്ക് നൽകി. ഇതിൽ നിന്ന് ഇളവ് കുറച്ചാണ് അധിക വരുമാനമായ 5875 കോടി രൂപ റെയിൽവെയ്ക്ക് ലഭിച്ചത്. 2022-23 സാമ്പത്തിക വർഷത്തിൽ മാത്രം 15 കോടി മുതിർന്ന പൗരന്മാർ യാത്ര ചെയ്തതിലൂടെ 2,242 കോടി രൂപ റെയിൽവെയ്ക്ക് അധിക വരുമാനമായി ലഭിച്ചു. 

റെയിൽവെയുടെ ന്യായം 

ഒരു യാത്രയുടെ ആകെ ചെലവിന്റെ 45 ശതമാനം തുക മാത്രമാണ് യാത്രക്കാരിൽ നിന്ന് ഈടാക്കുന്നത് എന്നതാണ് ഇളവ് പുനസ്ഥാപിക്കാതതിൽ റെയിൽവെയുടെ ന്യായം. 2024 ഇടക്കാല ബജറ്റ് സമയത്തും ഇതേവിഷയം ഉയർന്ന് വന്നപ്പോൾ റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടി 100 രൂപയുടെ യാത്രയ്ക്ക് 45 രൂപമാത്രമാണ് റെയിൽവെ യാത്രക്കാരനിൽ നിന്ന് ഈടാക്കുന്നത്, 55 രൂപയുടെ ഇളവ് ഓരോ ടിക്കറ്റിലും ലഭിക്കുന്നുണ്ട് എന്നായിരുന്നു. 18-ാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂലൈ മൂന്നിനാണ് സമാപിക്കുന്നത്. ഇതിന് ശേഷം ആരംഭിക്കുന്ന മൺസൂൺ സെഷനിൽ ബജറ്റ് അവതരണമുണ്ടാകും. ജൂലൈ 22, 23 തീയതികളിൽ നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ENGLISH SUMMARY:

Indian Railway Earn Rs 5000 Crore Above Additional Revenu From Senior Citizen Fare Concession. Railway Will Bring Back These Concessions In Union Budget 2024-25