bengal-beaten

TOPICS COVERED

ആള്‍ക്കൂട്ടത്തിന് മുന്‍പില്‍ വെച്ച് യുവാവിനേയും യുവതിയേയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മമത ബാനര്‍ജി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. അവിഹിത ബന്ധം ആരോപിച്ചാണ് ഇരുവരേയും ക്രൂരമായി മര്‍ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വിവാദം കത്തിയതോടെ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്നാണ് പൊലീസിന്റെ വിശദീകരണം. 

ഉത്തര്‍ ദിനാജ്പുര്‍ ജില്ലയിലെ ചോപ്രയിലാണ് സംഭവം. മുളവടി ഉപയോഗിച്ചാണ് യുവാവിനേയും യുവതിയേയും ഒരാള്‍ മര്‍ദിച്ചത്. ഇത് കണ്ട് ആള്‍ക്കൂട്ടം നിശബ്ദമായി നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. തൃണമൂല്‍ കോണ്‍ഗ്രസുമായി ബന്ധമുള്ള തേജ്മുള്‍ എന്നയാളാണ് ഇരുവരേയും മര്‍ദിക്കുന്നതെന്ന് സിപിഎമ്മും ബിജെപിയും ആരോപിക്കുന്നു. പ്രാദേശിക കുറ്റകൃത്യങ്ങളില്‍ ഉടനടി ശിക്ഷ വിധിക്കുന്ന നേതാവ് എന്ന നിലയിലാണ് ഇയാളെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. 

പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഏത് രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടെങ്കിലും കുറ്റക്കാരെ വെറുതെ വിടില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു. ബംഗാളിലെ മമത സര്‍ക്കാരിന്റെ ജീര്‍ണിച്ച മുഖമാണ് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നത് എന്ന് ബിജെപി കുറ്റപ്പെടുത്തി. ഇവരെ മര്‍ദിക്കുന്ന തൃണമൂല്‍ പ്രാദേശിക നേതാവ് ചോപ്ര എംഎല്‍എ ഹമിദുര്‍ റഹ്മാന്റെ അടുത്തയാളാണെന്ന് ബിജെപി വക്താവ് അമിത് മാളവ്യ ആരോപിച്ചു. 

ENGLISH SUMMARY:

The police explained that action will be taken against the culprits after the controversy flared up