westbengal-tmc

TOPICS COVERED

വിവാഹേതര ബന്ധമാരോപിച്ച് ബംഗാളിൽ സ്ത്രീയെയും പുരുഷനെയും ക്രൂരമായി മർദിച്ച് തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവ്. ആൾക്കൂട്ടം നോക്കി നിൽക്കെയാണ് മുളവടികൊണ്ടുള്ള ക്രൂരമർദനം. ബംഗാളിൽ എല്ലായിടത്തും ഒരു സന്ദേശ്ഖാലിയുണ്ടെന്ന് ബിജെപി. ശക്തമായ നടപടി ആവശ്യപ്പെട്ട് ഇടത് പാർട്ടികളും കോൺഗ്രസും രംഗത്ത്. പ്രതി താജ്മൂലിനെ പൊലീസ് അറസ്റ്റ് ചെയ്തു.  

ഉത്തര ദിനാജ്പൂരിലെ ചൊപ്രയിലാണ് സംഭവം. ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് സ്ത്രീ മറ്റൊരു പുരുഷനൊപ്പം താമസം തുടങ്ങിയെന്നാരോപിച്ചാണ് നൂറോളം ആളുകൾ നോക്കി നിൽക്കെ താജ്മൂൽ ഇരുവരെയും മർദിച്ചത്. മുളവടികൾ കൊണ്ടുള്ള ക്രൂരമായ മർദനത്തിന് പിന്നാലെ, കാലുകൊണ്ടും ചവിട്ടിയും ആക്രമണം തുടർന്നു. ചിലർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും താജ്മുൽ വഴങ്ങിയില്ല. ആൾക്കൂട്ട കോടതി വിചാരണ ചെയ്താണ് സ്ത്രീയെ മർദിക്കാൻ നിർദേശിച്ചതെന്നും ആരോപണമുണ്ട്. മർദിക്കുന്ന ദൃശ്യങ്ങൾ താജ്മുലിന്റെ കൂട്ടാളികൾ തന്നെ പകർത്തി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. ജെസിബി എന്ന് വിളിപ്പേരുള്ള ഗുണ്ടാനേതാവാണ് താജ്മുൽ. മർദനത്തെ പരോക്ഷമായി ന്യായീകരിച്ച് സ്ഥലത്തെ തൃണമൂൽ എംഎൽഎ ഹമീദുൽ റഹ്മാനും രംഗത്തുവന്നു. 

ഈ വിധത്തിൽ മർദിച്ചതിനെ ന്യായീകരിക്കുന്നില്ലെങ്കിലും സ്ത്രീയുടെ പെരുമാറ്റം സമൂഹത്തിന് ചേരാത്തതാണെന്നും ഇസ്ലാം നിയമങ്ങൾക്ക് വിരുദ്ധമാണെന്നും എംഎൽഎയുടെ വിചിത്ര വാദം. മർദന ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രതി താജ്മൂലിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃണമൂൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ പാർട്ടികളും രംഗത്തുവന്നിട്ടുണ്ട്. ബംഗാളിൽ എല്ലായിടത്തും ഒരു സന്ദേശ്ഖാലിയുണ്ടെന്ന് ബിജെപി. ശക്തമായ നടപടി വേണമെന്ന് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയും ബംഗാൾ സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ സലിമും ആവശ്യപ്പെട്ടു.