ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം ഡല്‍ഹിയിലെത്തിയ വിമാന സര്‍വീസിനെച്ചൊല്ലി വിവാദം. നെവാര്‍കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള പതിവ് സര്‍വീസ് റദ്ദാക്കിയാണ് എയര്‍ ഇന്ത്യ, ഇന്ത്യന്‍ ടീമിനെ നാട്ടിലെത്തിക്കുന്നതിനായി വിമാനം ക്രമീകരിച്ചതെന്നാണ് ആരോപണം. സംഭവത്തില്‍ ഡി.ജി.സി.എ എയര്‍ ഇന്ത്യയോട് വിശദീകരണം തേടി. വിമാനം റദ്ദാക്കിയത് യാത്രക്കാരെ അറിയിച്ചിരുന്നുവെന്നും യാത്രക്കാര്‍ക്ക് ന്യൂയോര്‍ക്കില്‍ നിന്നുള്ള വിമാനത്തില്‍ സീറ്റ് നല്‍കിയെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. ബെറില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ടീം ഡല്‍ഹിയിലെത്താന്‍ വൈകിയത്.

അതേസമയം, ട്വന്‍റി 20 ലോകകപ്പ് കിരീടം നേടി അഭിമാനമായ ടീം ഇന്ത്യയ്ക്ക് ഡല്‍ഹിയില്‍ ഊഷ്മള വരവേല്‍പ് നല്‍കി രാജ്യം. ആയിരക്കണക്കിന് ആരാധകരാണ് ടീമിനെ വരവേല്‍ക്കാന്‍ വിമാനത്താവളത്തില്‍ എത്തിയത്. ബാര്‍ബഡോസില്‍ നിന്ന് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ എത്തിയ ടീം അംഗങ്ങള്‍ രാവിലെ പ്രധാനമന്ത്രിക്കൊപ്പം പ്രഭാതഭക്ഷണം കഴിക്കും. വൈകിട്ട് നരിമാന്‍ പോയിന്‍റ് മുതല്‍ വാങ്കഡെ സ്റ്റേഡിയംവരെ തുറന്ന ബസില്‍ റോഡ് ഷോ നടത്തും.  ബി.സി.സി.ഐ പ്രഖ്യാപിച്ച 125 കോടി സമ്മാനവും മുംബൈയിലെ ചടങ്ങിലാണ് കൈമാറുക. ബി.സി.സി.ഐ അധികൃതരും മാധ്യമ പ്രവര്‍ത്തകരും ടീമിനൊപ്പം ഉണ്ടാകും

ENGLISH SUMMARY:

Air India cancelled a Delhi-bound New York flight on Tuesday which was diverted to pick up the Rohit Sharma-led T20 Indian Cricket team from Barbados. DGCA seeks report.