പ്രളയത്തിൽ മുങ്ങിയ ഗുവാഹത്തിൽ, മകനായി തിരച്ചിൽ നടത്തിയ ഹിരാലാൽ സർക്കാരിന്‍റെ ശ്രമങ്ങൾ വിഫലം. രാജ്ഗഡിൽ നടത്തിയ വ്യാപക തിരച്ചിലിൽ. ഹീരാലാലിന്‍റെ എട്ടു വയസുകാരൻ മകൻ അഭിനാഷ് സർക്കാരിന്‍റെ മൃതദേഹം കണ്ടെത്തിയതിയതായി ദേശീയ ദുരന്തനിവാരണസേന അറിയിച്ചു. മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്കുശേഷം കുടുംബത്തിന് വിട്ടു നൽകും.
മൂന്ന് ദിവസമായി ഗുവാഹത്തി നഗരത്തിലെ കരളലിയിക്കുന്ന കാഴ്ചയായിരുന്നു ഹീരാലാൽ. കമ്പുകളും ടോർച്ചുമായി വെള്ളം കുത്തിയൊലിച്ചു പോകുന്ന എല്ലാ ഓടകളിലും ആ പിതാവ് മകനെ തപ്പി. ലഭിച്ച ഒരു ചെരുപ്പുമായി കാണുന്നവരോട് എല്ലാം സഹായത്തിനായി കേണു. ദിവസങ്ങൾക്ക് ശേഷം സഹായത്തിനായി ദേശീയ ദുരന്തനിവാരണ സേന എത്തിയപ്പോഴേക്കും മകൻറെ തിരിച്ചറിയാനാകാത്ത മൃതദേഹമാണ് ആ പിതാവിന് ലഭിച്ചത്.
വ്യാഴാഴ്ച മഴയൊന്നു കുറഞ്ഞപ്പോഴാണ് അവിനാഷിനൊപ്പം ഹീരാലാൽ സ്കൂട്ടറിൽ നഗരത്തിലേക്ക് ഇറങ്ങിയത്. നഗരത്തിലേക്ക് എത്തിയപ്പോഴേക്കും മഴ ശക്തമായി. ഇതിനിടെ സ്കൂട്ടറിൽ നിന്നും അവിനാഷ് തെറിച്ചു വീഴുകയായിരുന്നു. വെള്ളം കുത്തിയൊലിച്ചു പോയിരുന്ന റോഡിലെ ഓടയിലേക്കാണ് അവിനാഷ് ചെന്നു വീണത്. ശക്തമായ ഒഴുക്ക് ഉണ്ടായിരുന്നതിനാൽ തന്നെ ഒഴുകി നീങ്ങിയ മകനെ രക്ഷിക്കാൻ ഹീരാ ലാലിനായില്ല. ഒഴുകി നീങ്ങുന്ന മകനെ നോക്കി നിസ്സഹായനായി അലറി കരഞ്ഞഹീരാ ലാലിനെ സഹായിക്കാൻ അന്നേരം ആരും ഉണ്ടായിരുന്നില്ല.
പിന്നീട് പൊലീസും നീന്തൽ വിദഗ്ധരും എത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഹീരാ ലാലും ഭാര്യയും മുഖ്യമന്ത്രി ഹമന്ത ബിശ്വ ശർമയെ കണ്ട ശേഷമാണ് ദേശീയ ദുരന്തനിവാരണ സംഘം തിരച്ചിലിന് ഇറങ്ങിയത്. മകനെ കണ്ടെത്തും വരെ ജലപാനം ഇല്ലെന്നും ഓടക്ക് സമീപത്തുനിന്ന് പോകില്ലെന്നും പ്രതിജ്ഞയെടുത്ത് പ്രതീക്ഷയോടെ കാത്തിരുന്ന ഹീരാ ലാലിൻറെ അടുത്തേക്ക് ഒടുവിൽ ദുഃഖ വാർത്ത എത്തിയിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സംഘാംഗങ്ങൾ ഏറെ പണിപ്പെട്ടാണ് വിവരം ഹീരാ ലാലിനെ അറിയിച്ചത്.