rathole-mine-rescue

അസമിലെ ദിമാ ഹാസോവിലെ ടിന്‍കിലയില്‍ കല്‍ക്കരി ഖനി തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടിട്ട് രണ്ടാഴ്ച പിന്നിട്ടു. സൈന്യവും ദുരന്തനിവാരണ സേനയും നടത്തിയ അതിസാഹസികമായ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ എലിമാള ഖനിക്കുള്ളില്‍ കുടുങ്ങിപ്പോയവരില്‍ നാലുപേരുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കാനായി. അഞ്ചുപേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഭൂനിരപ്പില്‍ നിന്നും 300 അടി താഴ്ചയിലായിരുന്നു അപകട സമയത്ത് തൊഴിലാളികളുണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് തടസമായി ഖനിക്കുള്ളില്‍ 100 അടിയോളം വെള്ളവും നിറഞ്ഞു. എന്താണ് എലിമാള ഖനികള്‍? എങ്ങനെയാണ് ഇവയ്ക്ക് ഈ പേരുവന്നത്? ആവര്‍ത്തിക്കുന്ന അപകടങ്ങള്‍ക്ക് ശേഷവും ഈ അനധികൃത ഖനനം  അവസാനിപ്പിക്കാനാകാത്തത് എന്തുകൊണ്ടാണ്?

coal-mine-jharkhand

ജാര്‍ഖണ്ഡിലെ കല്‍ക്കരി ഖനികള്‍ (ഫയല്‍ ചിത്രം)

നേര്‍ത്ത,തിരശ്ചീനമായ കല്‍ക്കരിപ്പാളികളില്‍ നിന്ന് കല്‍ക്കരി വേര്‍തിരിച്ചെടുക്കുന്ന   ഖനനത്തെയാണ് എലിമാള ഖനനമെന്ന് പറയുന്നത്. മേഘാലയയിലാണ് ഇത്തരം ഖനനം കൂടുതലായും കണ്ടുവരുന്നത്. മലഞ്ചെരിവിലോ നിരപ്പായ സ്ഥലത്തോ കല്‍ക്കരി സാന്നിധ്യമുള്ള ഒരു പ്രദേശം അടയാളപ്പെടുത്തുകയും ഇവിടെ നിന്നും പര്‍വതത്തിന്‍റെ വശങ്ങളിലൂടെ കൈക്കോടാലി കൊണ്ട് ഒരാള്‍ക്ക് മാത്രം കടന്നു പോകാനാവുകയും കല്‍ക്കരി എടുക്കുകയും ചെയ്യാന്‍ പാകത്തിലുള്ള കുഴി നിര്‍മിക്കുകയും ചെയ്യുന്നു.  ഇതിന്‍റെ നിര്‍മാണം പൂര്‍ത്തിയായാല്‍ കയറുഗോവണിയോ മുള ഏണിയോ ഉപയോഗിച്ച് അടിത്തട്ടിലേക്ക് തൊഴിലാളികള്‍ ഇറങ്ങും. തുടര്‍ന്ന് കൈക്കോടലിയും ഷവ്വലും കൊണ്ട് പാളികളില്‍ നിന്നും കല്‍ക്കരി ശേഖരിച്ച ശേഷം ബക്കറ്റുകളിലാക്കി പുറത്തെത്തിക്കും.

പ്രധാനമായും രണ്ടുതരത്തിലാണ് എലിമാള ഖനനം നടത്തുന്നത്. സൈഡ് കട്ടിങ് രീതിയും ബോക്‌സ് കട്ടിങ് രീതിയും. കുന്നിന്‍റെ ചരുവില്‍ കൈക്കോടാലിക്ക് കൊത്തി എലി തുരക്കുന്നത് പോലെ തുരന്ന് ഉള്ളിലേക്ക് കയറി കല്‍ക്കരിപ്പാളി കണ്ടെത്തുന്നത് വരെ പോകുന്നതാണ് സൈഡ് കട്ടിങ് രീതി. മേഘാലയയിലെ കല്‍ക്കരിപ്പാളികള്‍ കഷ്ടിച്ച് രണ്ട് മീറ്റര്‍ മാത്രം വീതിയുള്ള, തീരെ നേര്‍ത്തവയാണ്. അതുകൊണ്ട് തന്നെ പലപ്പോഴും എളുപ്പത്തില്‍ കല്‍ക്കരി ശേഖരിക്കുന്നതിനായി തൊഴിലാളികള്‍ ഈ മാര്‍ഗമാണ് അവലംബിക്കുന്നത്. 

coal-mine

ബോക്സ് കട്ടിങാണ് രണ്ടാമത്തെ രീതി. ഈ തരം ഖനനത്തില്‍ ആദ്യം ചതുരത്തില്‍ 10 മുതല്‍ 100 ചതുരശ്ര മീറ്റര്‍ വീതിയുള്ള കുഴി തൊഴിലാളികള്‍ നിര്‍മിക്കും. ഇതിന് ശേഷം ഇവിടെ നിന്നും ലംബമായ തുരങ്കങ്ങള്‍ നിര്‍മിക്കും. 100 അടി മുതല്‍ 400 അടി വരെ ആഴത്തിലേക്ക് ഇങ്ങനെ തുരന്ന് എത്തും. കല്‍ക്കരിപ്പാളി കണ്ടെത്തിയാല്‍ ഇതിന് ചുറ്റിലുമായി വീണ്ടും തുരന്നശേഷം ശേഖരിക്കുന്ന കല്‍ക്കരി ഇതുവഴിയായി പുറത്തേക്ക് എത്തിക്കും. 

എലിമാള ഖനികള്‍ അപകടകരമാകുന്നതെങ്ങനെ?

അങ്ങേയറ്റം അപകടം പിടിച്ച തൊഴില്‍ സാഹചര്യമാണ് ഖനികളില്‍ പ്രത്യേകിച്ചും എലിമാള ഖനനത്തിലുള്ളത്. ഏത് സമയത്തും പരുക്കോ, ജീവഹാനിയോ സംഭവിക്കാം. എലിമാളം പോലെ തുരന്ന് പോകുന്ന തുരങ്കത്തിനുള്ളില്‍ ഓക്സിജന്റെ സാന്നിധ്യം തീര്‍ത്തും കുറവായിരിക്കും. തലയിലൊരു ടോര്‍ച്ചു, കയ്യിലൊരു വാക്കി ടോക്കിയും മാത്രമാണ് തൊഴിലാളികള്‍ക്ക് നല്‍കുന്നത്. ഏത് സമയത്തും മണ്ണ് ഇടിഞ്ഞ് ഉള്ളില്‍ അകപ്പെടാം. മഴക്കാലമാണ് ഏറ്റവും അപകടം പിടിച്ച സമയം. കുഴിച്ചെത്തുമ്പോള്‍ പൊട്ടാവുന്ന ഉറവകള്‍ക്ക് പുറമെ മഴവെള്ളം കൂടി കുഴിയില്‍ നിറഞ്ഞാല്‍ ജീവഹാനി ഉറപ്പാണ്. ഭൂമിയുടെ ഘടനതന്നെ മാറ്റുന്ന ഈ ഖനനം  വനനശീകരണവും ജലമലിനീകരണവും പോലുള്ള  പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കും കാരണമാക്കുന്നുണ്ട്.

meghalaya-coal-mine

തടയല്‍ പാളുന്നതെവിടെ? 

എലിമാള ഖനനം നിര്‍ത്തലാക്കുന്നതില്‍ മേഘാലയ സര്‍ക്കാര്‍ പിഴവ് വരുത്തിയെന്ന് ചൂണ്ടിക്കാട്ടി 2018ലാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ 100 കോടി രൂപ പിഴ വിധിച്ചത്. എന്നിട്ടും അനധികൃത ഖനനവും  അതേത്തുടര്‍ന്നുള്ള ജീവഹാനിയും തുടരുകയാണ്. എന്താണിതിന് കാരണം? പുറത്ത് മറ്റു ജോലികള്‍ ചെയ്താല്‍ ദിവസം 400 രൂപയാണ് കൂലിയെങ്കില്‍ എലിമാള ഖനനത്തിന് പോയാല്‍ ദിവസം 2000 മുതല്‍ 2500 രൂപവരെ ലഭിക്കുമെന്നതാണ് തൊഴിലാളികളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. മേഘാലയക്കാര്‍ക്ക് പുറമെ അസമില്‍ നിന്നും ബംഗ്ലദേശില്‍ നിന്നും നേപ്പാളില്‍ നിന്നും വരെ എലിമാള ഖനികളിലേക്ക് തൊഴിലാളികള്‍ എത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഖനനം നിര്‍ത്തിയാല്‍ പകരം സ്ഥിര വരുമാനമുള്ള എന്ത് തൊഴില്‍ പ്രദേശവാസികള്‍ക്ക് നല്‍കാനാകുമെന്നതില്‍ പ്രാദേശിക ഭരണകൂടത്തിനും ധാരണയില്ല. 2014 ല്‍ എലിമാള ഖനനത്തിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധനമേര്‍പ്പെടുത്തി. 2015ലും നിരോധനം തുടര്‍ന്നു. എന്നാല്‍ പൊലീസും രാഷ്ട്രീയക്കാരും കല്‍ക്കരി ഖനി മാഫിയകളും ചേര്‍ന്നുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി അനധികൃത എലിമാള ഖനികള്‍ ഇന്നും സജീവമായി നില്‍ക്കുന്നതിന് കാരണമെന്ന് ഖനിത്തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകള്‍ പറയുന്നു. 

ENGLISH SUMMARY:

The mining process of extracting coal from horizontal and vertical layers is called "Rat hole mining." This type of mining is mostly found in Meghalaya. An area with the presence of coal is marked, and a narrow path is created, allowing only one person to pass at a time, typically along the sides of a mountain. Once a pit is dug for mining, workers descend using ropes or bamboo ladders to reach the base. Afterward, coal is collected from the layers using tools like picks and shovels, and it is then placed in buckets to be brought out.